പേരാമ്പ്ര: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി ബന്ധുക്കൾ തിരിച്ചറിഞ്ഞ് സംസ്കരിക്കുക, ആഴ്ച്ചകൾ കഴിഞ്ഞ് മൃതദേഹം മറ്റൊരാളുടേതാണെന്ന് കണ്ടെത്തുക. ഇങ്ങനെ സിനിമക്കഥയെ വെല്ലുന്ന സംഭവമാണ് മേപ്പയൂർ, പന്തിരിക്കര പ്രദേശത്ത് നടന്നത്.
യുവാവിനെ തട്ടിക്കൊണ്ടുപോവുകയും മർദിച്ചവശനാക്കിയശേഷം ഫോട്ടോ എടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് സ്വർണമാവശ്യപ്പെടുകയും ചെയ്യുന്നതും സിനിമയിൽ തന്നെയാണ് നാട്ടുകാർ കണ്ടിരുന്നത്. എന്നാൽ, ഇതെല്ലാം ഇപ്പോൾ യഥാർഥത്തിൽ സംഭവിക്കുമ്പോൾ നാട്ടുകാർ ഞെട്ടിത്തരിക്കുകയാണ്.
മേപ്പയൂർ കൂനം വള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിനെ ജൂൺ ആറിന് കാണാതാവുകയായിരുന്നു. ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്‍റേതാണെന്ന് കരുതി സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഈ മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ കോഴിക്കുന്നുമ്മൽ ഇർഷാദിന്‍റേതാണെന്ന്ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് എല്ലാവരും ഞെട്ടിയത്.
കടപ്പുറത്തുനിന്നും ലഭിച്ച മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് അമ്മ ഉൾപ്പെടെ ചില ബന്ധുക്കൾ പറഞ്ഞെങ്കിലും ഡി.എൻ.എ പരിശോധന നടത്താതെ ധിറുതിപിടിച്ച് മൃതദേഹം എന്തിന് സംസ്കരിച്ചെന്നും ചോദ്യമുയരുന്നു. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ദീപക്ക് എവിടെയെന്ന ചോദ്യം പൊലീസിനെ കുഴക്കുകയാണ്.
ദീപക്കും അമ്മ ശ്രീലതയുമാണ് വീട്ടിലുള്ളത്. മകനെ കാണാതാവുകയും പിന്നീട് മരിച്ചെന്നും അറിഞ്ഞതോടെ ഈ അമ്മ സങ്കടക്കടലിലായിരുന്നു.
എന്നാൽ മകന്റെ മൃതദേഹമല്ല സംസ്കരിച്ചതെന്നറിഞ്ഞപ്പോൾ നേരിയ പ്രതീക്ഷയിൽ മകൻ തിരിച്ചുവരുമെന്ന് കാത്തിരിക്കുകയാണിവർ.
എന്നാൽ പന്തിരിക്കരയിലെ ഇർഷാദിന്റെ വീട്ടിൽ മകൻ ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ പിതാവ് കോഴിക്കുന്നുമ്മൽ നാസർ, മാതാവ് നഫീസ, ഭാര്യ ഷഹന, സഹോദരങ്ങളായ അർഷാദ് (ദുബൈ), അംന ഷെറിൻ എന്നിവർ ഉൾപ്പെടെ തീരാവേദനയിലാണ്.
ഇർഷാദിന്റെ കൊലപാതകത്തെ കുറിച്ചും ദീപക്കിന്റെ തിരോധാനത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.