എന്ത് വില കൊടുത്തും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വഴി തടഞ്ഞുള്ള സിനിമ ചിത്രീകരണം തടയുമെന്ന കോൺഗ്രസ് നിലപാടിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി അത് പറഞ്ഞത്.
ഇതിനെതിരെ ഫേസ്ബുക്കിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസിന് ആവശ്യമില്ല. ലഖിംപൂര്‍ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രി പുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ അപലപിക്കാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ക്ലാസ് യൂത്ത് കോൺഗ്രസിന് ആവശ്യമില്ല. ലഖിംപൂര്‍ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രി പുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ അപലപിക്കുവാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ? മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.
അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം. എഴുത്തുകാരൻ ശ്രീ പോൾ സക്കറിയയെ ഡി.വൈ.എഫ്.ഐക്കാർ തല്ലിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് .
കലാ-സാംസ്ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവർത്തിക്കുന്നവരെ യൂത്ത് കോൺഗ്രസ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും. കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോൺഗ്രസിന് ഒരു പ്രശ്നവുമില്ല. മുല്ലപ്പെരിയാര്‍ മരംമുറി,ദീപാ മോഹൻ നേരിടേണ്ടി വന്ന ജാതി വിവേചനം,സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതിൽ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.