ആർ. ബാലകൃഷ്ണപിള്ളയുടെ വഴിയിലേക്കാണോ മന്ത്രി സജി ചെറിയാൻ?

കോഴിക്കോട്: ഭരണഘടനയെ തള്ളിപ്പറ‌ഞ്ഞ് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന് മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പാത തുറക്കുമോയെന്നാണ് കേരളം നോക്കുന്നത്. 1985ൽ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് 'പഞ്ചാബ് മോഡൽ' പ്രസംഗമാണ്. ഇപ്പോൾ സജി ചെറിയാൻ നടത്തിയ പ്രസംഗവും പിള്ളയുടെ പ്രസംഗവുമായാണ് കേരളം താരതമ്യപ്പെടുത്തുന്നത്.

'മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.' - എന്ന മന്ത്രിയുടെ വാക്കുകൾ നാക്കുപിഴയാണെന്ന് പറഞ്ഞ് കോടതിയിൽ തടിയൂരാൻ കഴിയുമോ. ബ്രിട്ടീഷുകാർ പറഞ്ഞ് തയാറാക്കിയ ഭരണഘടന എന്ന് പറഞ്ഞത് ഡോ. ബി.ആർ. അംബേദ്ക്കറെയും ഭരണഘന നിർമാണ സമിതിയെയും അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്.

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.' എന്ന മന്ത്രിയുടെ വാക്കുകൾ ഭരണകൂടത്തിന്റെ നയത്തെയല്ല ഭരണഘടനയെയാണ് കടന്നാക്രമിക്കുന്നത്. ഭരണഘടന നടപ്പാക്കുന്നത് ഭരണകൂടമാണെന്ന മാർക്സിറ്റ് രാഷ്ട്രീയം തന്നെ മന്ത്രി മറന്നുപോയി.

1985ൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരള കോൺഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിൽ ആർ. ബാലകൃഷ്ണ പിളള നടത്തിയ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡൽ പ്രസംഗമെന്ന് പേരിൽ വിവാദമായത്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമർശിച്ചായിരുന്നു പിള്ളയുടെ പ്രസംഗം. 'കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പ‍‌‌ഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണമെന്നായിരുന്നു സന്ദേശം. അതിന് ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണം'- ഇതായിരുന്നു പിള്ളയുടെ വാക്കുകൾ.

പഞ്ചാബിൽ അന്ന് ഖലിസ്താൻ വാദികൾ അടക്കമുള്ള വിഘടനവാദ സംഘടനകളാണ് അത്തരം മുദ്രാവാക്യമുയർത്തിയത്. പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവാദം കത്തിക്കയറി. കലാപാഹ്വാനമെന്ന വാദത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും അത് ഇന്ത്യൻ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രസംഗമായി.

അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി. കാർത്തികേയൻ, പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി ഹൈകോടതിയിൽ എത്തി. കെ. കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന ബാലകൃഷ്ണ പിളളക്ക് മന്ത്രിസ്ഥാനം തെറിച്ചു.

അന്ന് ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് ജി. കാർത്തികേയനായിരുന്നു. ഇന്ന് മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ജി. കാർത്തികേയന്റെ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.എസ് ശബരീനാഥനാണെന്നത് സമാനമായൊരു രാഷ്ട്രീയ നിയോഗം.

Tags:    
News Summary - Is Minister Saji Cherian going the way of Balakrishna Pillai?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.