തിരുവനന്തപുരം: കേരളത്തിന് അർഹമായ കേന്ദ്രവിഹിതം നൽകാത്ത കേന്ദ്രത്തിനെതിരായ സമരം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് സി.പി.ഐ നേതൃയോഗത്തിൽ വിമർശനം. സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തിലാണ് പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്ന പരാമർശങ്ങൾ ഉയർന്നത്. സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ , കൃഷി വകുപ്പുകൾക്ക് ധനവകുപ്പ് ആവശ്യമായ പണം സമയത്തിന് നൽകുന്നില്ലെന്ന പരാതിയുടെ ചർച്ചക്കിടെയായിരുന്നു വിമർശനം.
സി.പി.ഐ മന്ത്രിമാർ മുന്നോട്ടുവെക്കുന്ന പല പദ്ധതികളും ധനവകുപ്പിന്റെ അനുമതി വൈകുന്നതിനാൽ നീളുന്നതായി പാർട്ടിക്ക് നേരത്തേ പരാതിയുണ്ട്. ഇക്കാര്യം ചർച്ചക്കെടുത്തപ്പോൾ കേന്ദ്രവിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിൽ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് വസ്തുതയാണെന്ന വാദമുയർന്നു. എന്നാൽ, മുമ്പ് കേന്ദ്രവിഹിതം വെട്ടിക്കുറച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ മുന്നിൽ നിന്ന് സമരം നയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് തയാറാകുന്നില്ലെന്ന ചോദ്യവും ഉയർന്നു. ചർച്ച മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള കൂടുതൽ വിമർശനങ്ങളിലേക്ക് പോകുന്നതിന് നേതൃത്വം വിലക്കി. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന വിമർശനവും യോഗത്തിലുണ്ടായി.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിൽ സി.പി.എം പ്രതിക്കൂട്ടിൽ നിൽക്കവെയാണ് സി.പി.ഐ നേതൃയോഗത്തിലെ വിമർശനം. നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കാൻ സർക്കാറിന് കഴിയണം. പണം കൊടുക്കാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കര്യമില്ലെന്നും ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അനധികൃത സമ്പാദ്യം:ജില്ല സെക്രട്ടറിയോട് വിശദീകരണം തേടും
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയനോട് വിശദീകരണം തേടാൻ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചു. എൻ.പി. ജയനെതിരായ പരാതിയിൽ എക്സിക്യുട്ടിവ് അംഗം കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമീഷൻ അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന കമീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജയനോട് വിശദീകരണം തേടുന്നത്. പത്തനംതിട്ടയിലെ സി.പി.ഐ വനിത നേതാവ് തന്നെയാണ് ജയനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.