'മോൻസണിന്‍റെ ചെമ്പോല മാത്രം മതിയോ, കർഷകന്‍റെ രക്​തസാക്ഷിത്വത്തിന്​ വിലയില്ലേ?'; ചർച്ചയായി മാധ്യമപ്രവർത്തകന്‍റെ കുറിപ്പ്​

മാധ്യമപ്രവർത്തനം എത്തിപ്പെട്ട നിർവികാരതയുടെ ആഴം ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകന്‍റെ കുറിപ്പ്​ ചർച്ചയാകുന്നു. മാധ്യമപ്രവർത്തനത്തിന്‍റെ ഒരുവശത്ത് നിർദയത്വത്തിന്‍റെ വിഷവേരുകൾ പടരുകയാണെന്ന്​ ചൂണ്ടിക്കാട്ടുന്നത്​​ മീഡിയവൺ എഡിറ്റർ പ്രമോദ്​ രാമനാണ്.

എല്ലാറ്റിനും ചർച്ചക്ക്​ 'മുതിരുന്ന' ചിലർക്ക് മോൻസണിന്‍റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്‍റെ രക്തസാക്ഷിത്വവും ഇല്ലായെന്ന് അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറയുന്നു. മാധ്യമ പ്രവർത്തനത്തിന്‍റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്‍റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ലെന്നും പ്രമോദ്​ രാമൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ യു.പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെന്‍റ്​ ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു.

തലസ്ഥാനത്ത് യു.പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോ എല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസൻ്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്‍റെ രക്തസാക്ഷിത്വവും ഇല്ല.

ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivityയുടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു.

എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിന്‍റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിന്‍റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിന്‍റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്‍റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിന്‍റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്‍റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല.

തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്. ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എന്‍റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media Oneന്‍റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.

അപ്പോഴും ഞാൻ പറയും. ഞാനും എന്‍റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അൽപ്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്‍റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്‍റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.

നന്ദി.  

Full View

Tags:    
News Summary - isn’t the farmer’s martyrdom worth it?’; Journalist's note as discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.