ഐ.എസ്.ആർ.ഒ ചാരക്കേസ്: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയെ സമീപിച്ചു. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഈ തുക ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി. വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സി.ബി.ഐ മുഖാന്തരമാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിലവിൽ സി.ബി.ഐയുടെ പക്കലുളള ഐ.എസ്.ആർ.ഒ ഗൂഡാലോചനക്കസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാൻ നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഹരജി.

മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു. തുടർന്ന് ജീവിതം നഷ്ടമായെന്നും ഹരജിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയന്‍റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരം. വിജയന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. വിജയനെതിരെ ബാലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മറിയം റഷീദയുടെ ഹരജിയിലുണ്ട്.

ദേശീയ തലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐ.എസ്.ആർ.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.

Tags:    
News Summary - ISRO scam: Mariam Rasheeda, Fauzia Hasan in Supreme Court seeking Rs 2 crore compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.