മലപ്പുറം: നടപടികൾ പൂർത്തിയായിട്ടും മുൻഗണന റേഷൻകാർഡ് അനുവദിക്കുന്നത് നീളുന്നു. ഓൺലൈനായി രണ്ടാംതവണ അപേക്ഷ ക്ഷണിച്ചതിന്റെ നടപടിക്രമങ്ങളാണ് നീളുന്നത്. കാർഡ് അനുവദിക്കൽ നീണ്ടതോടെ വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിച്ചവർ ദുരിതത്തിലായി. നേരത്തേ അപേക്ഷ ക്ഷണിച്ചതിന്റെ നടപടികൾ പൂർത്തിയാകാത്തതിനാൽ പുതിയ അപേക്ഷ സമർപ്പിക്കാനും സാധിക്കുന്നില്ല.
സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെയാണ് മുൻഗണന കാർഡിനായി അപേക്ഷ ക്ഷണിച്ചത്. 70,000ത്തോളം പേർ അപേക്ഷ സമർപ്പിച്ചതിൽ 51,000ത്തോളം പേരുടെ പട്ടിക തയാറാക്കിയതായി അധികൃതർ അറിയിച്ചു. ഇവർക്ക് നൽകാനുള്ള നടപടിക്രമങ്ങൾ പട്ടികയുൾപ്പെടെ രണ്ടാഴ്ചക്കകം തയാറാക്കിയെങ്കിലും കാർഡ് അനുവദിച്ചിട്ടില്ല. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിൽനിന്ന് അംഗീകരിച്ച പട്ടിക പ്രകാരം താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്നാണ് കാർഡുകൾ ഉടമകളുടെ പേരിലേക്ക് മാറ്റുക. അവസാനഘട്ട നടപടികൾ മാത്രമാണ് ബാക്കിയുള്ളത്.
അർബുദം, ഹൃദ്രോഗം, ഓട്ടിസം ബാധിച്ചവർ, കിടപ്പുരോഗികൾ എന്നിവരടക്കം നിർബന്ധിത പട്ടികയിൽ ഉൾപ്പെടുന്നവർക്ക് അടക്കം കാർഡ് ലഭിച്ചിട്ടില്ല. മുൻഗണനപട്ടികയിൽ നിലവിലുള്ള ഒഴിവിന് അനുസരിച്ച പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. 30ന് മുകളിൽ മാർക്കുള്ളവരെ മാത്രമാണ് പരിഗണിച്ചത്. ഡിസംബറിലെ നിയമസഭ സമ്മേളന ശേഷം നൽകാൻ ധാരണയുണ്ടായിരുന്നെങ്കിലും നടന്നില്ല. പുതുവത്സര സമ്മാനമായി നൽകാനായിരുന്നു അടുത്ത പദ്ധതി. ഒടുവിൽ ഫെബ്രുവരിയിൽ നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫെബ്രുവരി 20ന് മുമ്പ് നൽകിയാൽ മാത്രമേ മാർച്ചിലെ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കൂ. എല്ലാ മാസവും 20, 21, 22 തീയതികളിലാണ് സർവർ മുഖേന കാർഡുടമകളുടെ വിവരങ്ങൾ പുതുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.