ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരെ പഴയ വിശ്വസ്തൻ ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവിെൻറ നീക്കത്തിന് സംഘ്പരിവാർ കേന്ദ്രങ്ങളുടെ പിന്തുണയുണ്ടെന്ന് സൂചന. എന്നാൽ, വെള്ളാപ്പള്ളിയെ അട്ടിമറിച്ച് യോഗത്തെ വരുതിയിലാക്കാൻ സംഘ്പരിവാർ ഒരു വർഷമായി നടത്തിവന്ന നീക്കം പൊളിഞ്ഞ മട്ടാണ്. വെള്ളാപ്പള്ളി വിരുദ്ധരെ ഏകോപിപ്പിച്ച് യോഗ നേതൃത്വം കൈപ്പിടിയിൽ ഒതുക്കാനുള്ള പദ്ധതി പാതിവഴിയിൽ പാളി.
വെള്ളാപ്പള്ളി വിരുദ്ധരിൽ പ്രമുഖനായ ഗോകുലം ഗോപാലൻ അടക്കമുള്ളവരുടെ പിന്തുണ തേടാൻ സുഭാഷ് വാസു നടത്തിയ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു. സ്പൈസസ് ബോർഡ് ചെയർമാൻ കൂടിയായ സുഭാഷ് വാസു എസ്.എൻ.ഡി.പി മാവേലിക്കര യൂനിയൻ പ്രസിഡൻറ് കൂടിയാണ്.കഴിഞ്ഞ കുറച്ചുനാളുകളായി വെള്ളാപ്പള്ളി നടേശനോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വെള്ളാപ്പള്ളിയുമായി കേന്ദ്രത്തിനുള്ള അകൽച്ച മുതലാക്കാൻ സുഭാഷ് വാസു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇതിൽനിന്ന് ഉരുത്തിരിഞ്ഞതാണ് സുഭാഷ് ജനറൽ സെക്രട്ടറിയും അടുത്തിടെ സംഘ്പരിവാർ പാളയത്തിലെത്തിയ മുൻ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ പ്രസിഡൻറുമായ യോഗ നേതൃത്വം എന്ന ആശയം.
സെൻകുമാറിനെ ഉപയോഗിച്ച് വെള്ളാപ്പള്ളിക്ക് എതിരായ വിവിധ കേസുകളെ കുറിച്ച് സംഘ്പരിവാർ വിവരം ശേഖരിച്ചതായും അറിയുന്നു. എന്നാൽ, തങ്ങൾക്ക് താൽപര്യമുള്ള ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിടാതെ പിടികൂടുക വഴി സെൻകുമാർ സംഘ്പരിവാറിന് അനഭിമതനായി മാറി. സുഭാഷ് വാസുവിനെ പിന്തുണക്കുന്നത് ഗുണകരമല്ലെന്ന തിരിച്ചറിവ് വെള്ളാപ്പള്ളി വിരുദ്ധർക്കുണ്ട്. ഏതെങ്കിലും നിലപാടിെൻറ പേരിലല്ല സുഭാഷ് വാസു ആരോപണവുമായി രംഗത്ത് വന്നതെന്നും അവർക്ക് ബോധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.