കൊച്ചി: സഭയുടെ നോമിനിയായല്ല താൻ തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകുന്നതെന്ന് ഡോ. ജോ ജോസഫ്. വ്യാഴാഴ്ച രാവിലെയാണ് സ്ഥാനാർഥിയാണെന്ന വിവരം അറിയുന്നത്. ഇക്കാലത്ത് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഒരു സ്ഥാനാർഥി ആവുക എന്നത് വലിയൊരു ഭാഗ്യമാണ്.
പിണറായി സർക്കാറിന്റെ കരുതലും വികസനവുമാണ് രണ്ടാം തവണയും ഭരണം കിട്ടാൻ കാരണം. വികസനത്തുടർച്ച ഉണ്ടാകണമെന്ന് ജനം ആഗ്രഹിച്ചു. അങ്ങനെയാണ് എൽ.ഡി.എഫ് തരംഗം കേരളത്തിൽ ഉണ്ടാകുന്നത്. എന്നാൽ, അതിനൊപ്പം കൂടാൻ സാധിച്ചില്ല എന്ന വിഷമം ഓരോ തൃക്കാക്കരക്കാരനും ഉണ്ടായിരുന്നു.
ആ തരംഗത്തോടൊപ്പം ചേരാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. ഹൃദ്രോഗ വിദഗ്ധനായ താൻ എന്നും ഹൃദയപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ വേദനകൾക്ക് ആശ്വാസം കിട്ടുന്ന നടപടി സ്വീകരിക്കുന്നവരാണ് ഇടതുപക്ഷം. അവരുടെ സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ വരാൻ സാധിച്ചത് വലിയ ഭാഗ്യമാണ്.
എൽ.ഡി.എഫ് വിചാരിച്ചാൽ കേരളത്തിലെ ഏതു മണ്ഡലത്തിലും വിജയിച്ചുകയറാം. കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ പ്രസക്തിയും വർധിക്കുന്നു.
തൃക്കാക്കരയിൽ പൂർണ വിജയപ്രതീക്ഷയുണ്ട്. സ്ഥാനാർഥിത്വത്തിൽ സാമുദായിക സംഘടനയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഇടതുപക്ഷത്തോട് ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് സ്ഥാനാർത്ഥിയാകാൻ കാരണമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞതവണ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു. നിലവിൽ പാർട്ടി മെംബറാണ്. തന്റെ പിതാവ് കമ്യൂണിസ്റ്റുകാരാനാണ്.
സഭയുടെ നോമിനിയാണെന്നത് ആരോപണം മാത്രമാണ്. സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്നത് സത്യമാണ്. എന്നാൽ, സഭയുടെ സ്ഥാനാർഥിയല്ലെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.