തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽ ലഭിച്ച പരാതി വ്യക്തമായ കാരണമില്ലാതെ നിരസിക്കരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് നിർദേശം നൽകി. മതിയായ രേഖകൾ ഉള്ളടക്കം ചെയ്തില്ല, വിശദാംശങ്ങളില്ല, മറ്റൊരു ഓഫിസാണ് തീരുമാനം എടുക്കേണ്ടത്, നേരത്തെ പരിശോധിച്ച് നിരസിച്ച വിഷയമാണ് എന്നീ കാരണങ്ങളുടെ പേരിൽ നിരസിക്കാൻ പാടില്ല. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറിയോ പരാതിക്കാരുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകളും വിവരങ്ങളും ശേഖരിച്ച് വിശദമായി പരിശോധിച്ചോ തീരുമാനം എടുക്കണമെന്നും നിർദേശം നൽകി.
ഓരോ ജില്ലയിലും പരാതി തീർപ്പാക്കലിന് മേൽനോട്ടം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകി. തിരുവനന്തപുരം -റാണി ജോർജ്, കൊല്ലം -ഡോ. എ. ജയതിലക്, പത്തനംതിട്ട -എ.പി.എം. മുഹമ്മദ് ഹനീഷ്, കോട്ടയം -മിനി ആന്റണി, ഇടുക്കി -അശോക്കുമാർ സിങ്, എറണാകുളം -സുമൻ ബില്ല, തൃശൂർ -ടിങ്കു ബിസ്വാൾ, പാലക്കാട് ഡോ. ശർമിള മേരി ജോസഫ്, മലപ്പുറം -പ്രണബ് ജ്യോതിനാഥ്, കോഴിക്കോട് -കെ. ബിജു, വനയാട് -പുനീത് കുമാർ, കണ്ണൂർ -രത്തൻ യു. ഖേൽക്കർ, കാസർകോട് -കെ.ആർ. ജ്യോതിലാൽ എന്നിവർക്കാണ് ചുമതല.
സെക്രട്ടറിമാർ രണ്ടാഴ്ച കൂടുമ്പോൾ പരാതി തീർപ്പാക്കലിന്റെ പുരോഗതി ചീഫ് സെക്രട്ടറിക്ക് നൽകണം. മാസത്തിലൊരിക്കൽ സംസ്ഥാന തല പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തും. വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പൊതു തീരുമാനം എടുക്കാവുന്നതും പൊതുമറുപടി നൽകാൻ കഴിയുന്നതും കണ്ടെത്തി തീർപ്പാക്കണം. മറ്റ് വകുപ്പുമായി ചർച്ച ചെയ്തോ പങ്കാളിത്തത്തോടെയോ തീർപ്പാക്കാവുന്നത് വകുപ്പ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തണം. ജില്ലയിലെ രണ്ട് ഓഫിസുകൾ/വകുപ്പുകൾ ചർച്ച നടത്തി പരിഹരിക്കാവുന്നത് കലക്ടറുടെ ശ്രദ്ധയിൽപെടുത്തണം. സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടത് ശിപാർശ സഹിതം വകുപ്പ് മേധാവി മുഖേന കൈമാറണം.
എല്ലാ ജില്ലക്കും വകുപ്പുകൾ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തണം. പരാതി കുറവുള്ള വകുപ്പുകളിൽ മൂന്ന് ജില്ലകൾക്ക് വരെ ഒരാൾ മതി. നോഡൽ ഓഫിസർമാർ പരാതി തീർപ്പാക്കൽ പുരോഗതി വിലയിരുത്തി പരിഹാര നടപടി ഉറപ്പാക്കണം. പരാതിയിലെ ആവശ്യം പൂർണമായോ ഭാഗികമായോ നിരസിക്കുന്ന സാഹചര്യത്തിൽ ജില്ല നോഡൽ ഓഫിസർമാർ പുനഃപരിശോധിക്കണം. കൃത്യമായ പരിശോധനക്ക് ശേഷമാണ് നിരസിച്ചതെന്ന് ഉറപ്പാക്കി പരാതിക്കാരന് മറുപടി നൽകണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.