‘ഡ്രൈവർ ലൈംഗിക ആംഗ്യം കാണിച്ചോയെന്ന് അറിയില്ല’; ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കത്തിൽ ബസ് കണ്ടക്ടർ സുബിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് രേഖപ്പെടുത്തി. പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി കണ്ടില്ലെന്ന് സുബിൻ മൊഴി നൽകി.

ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്നും കാറിനെ ബസ് മറികടന്നോ എന്നും അറിയില്ല. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നുമാണ് സുബിൻ മൊഴി നൽകിയത്. 

മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നേമം സ്വദേശിയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദുവിന്‍റെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇന്നലെ കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെ.എസ്.ആർ.ടി.സി എം.ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.

യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി. സംഭവ ദിവസം രാത്രി പത്തരക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.

ബസിന്റെ മുൻഭാഗത്തുള്ള കാമറകൾ പരിശോധിച്ചാൽ നടന്ന സംഭവം ബോധ്യമാവും. എന്നാൽ, അന്വേഷണം നടത്താതെ തനിക്കെതിരെ കേസെടുത്തെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ചുമതലയിൽ നിന്നും എസ്.എച്ച്.ഒയെ മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. 

Tags:    
News Summary - 'It is not known whether the driver made a sexual gesture'; Conductor's Statement on Driver-Mayor Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.