ക്ഷേമപെൻഷൻ അനുയോജ്യരായവർക്കും അശരണർക്കും മാത്രമായി പരിമിതപ്പെടുത്തണമെന്ന് ശിപാർശ

കോഴിക്കോട് : ക്ഷേമപെൻഷൻ അനുയോജ്യരായവർക്കും അശരണർക്കും മാത്രമായി പരിമിതപ്പെടുത്തണമെന്ന് ധനകാര്യ വിഭാഗത്തിന്റെ ശിപാർശ. സാർവത്രികമായ ക്ഷേമപെൻഷൻ വിതരണ രീതിക്ക് പകരം ഏറ്റവും അനുയോജ്യരായവർക്കും അശരണർക്കും മാത്രമായി സാമൂഹിക ക്ഷേമ പെൻഷൻ പരിമിതപ്പെടുത്തണമെന്നാണ് റിപ്പോർട്ട്. ലിസ്റ്റിൽ കുന്നുകൂടിയിട്ടുള്ള അനർഹരെ ഒഴിവാക്കേണ്ടത് സാമ്പത്തിക അച്ചടക്കത്തിന് അത്യാവശ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ ഭരണവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശിപാർശ.

തിരുവനന്തപുരം മുണ്ടേല സർവീസ് സഹകരണ ബാങ്കിൽ നിന്നും വിതരണം നടത്തിയ സാമൂഹിക ക്ഷേമ പെൻഷൻ തുകയിൽ ക്രക്കേട് നടന്നുവെന്ന് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ ഗുണഭോക്താക്കളിൽ പരിശോധന നടത്തിയത്. തുടർന്ന സർക്കിരന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ശിപാർശചെയ്തത്.

 


സാമൂഹിക ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിന് സഹകരണ സംഘത്തിന് 10 രൂപയും ജീവനക്കാർക്ക് 40 രൂപയും വീതം ഒരോ പെൻഷൻ വിതരണത്തിനും നൽകണമെന്ന് 2016 ആഗസ്റ്റ് 23ന് ഉത്തരവ് ഇറക്കിയിരുന്നു. സർവീസ് ചാർജ്ജ് ഇനത്തിൽ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘങ്ങളിലെ ചില വിതരണ ജീവനക്കാർ പെൻഷകാരിൽനിന്ന് പ്രതിമാസം 50 രൂപയോ അതിലധികമോ നിരക്കിൽ അനധികൃത പ്രതിഫലം വാങ്ങുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഇപ്രകാരം അനധികൃതമായി ഗുണഭോക്താക്കളിൽ നിന്നും പണം വാങ്ങുന്നത് തടയാനായി ബന്ധപ്പെട്ട സഹകരണ ബാങ്കുകൾക്ക് കർശന നിർദേശം നൽകണം. പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകുന്നതിന് അധികമായി പണമൊന്നും നൽകേണ്ടതില്ല എന്നതു സംബന്ധിച്ച് വിവിധ ബോധവൽക്കരണം നടത്തണം. മാധ്യമങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വിവരം കൈമാറണം.

ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കുന്നതിനായി ആശാവർക്കർമാരേയും അങ്കണവാടി ഹെൽപ്പർ-ടീച്ചർമാരേയും കൂടി ചുമതലപ്പെടുത്തുന്ന കാര്യം പരിശോധിക്കണം.

പെൻഷൻ തുക വിതരണത്തിന് നിശ്ചിത കാലപരിധി (ഒരു ആഴ്ചമുതൽ 10 ദിവസം വരെ) നിശ്ചയിച്ച് ഉത്തരവിറക്കുന്നുവെങ്കിലും പെൻഷൻ വിതരണത്തിന് ചുമതലയുള്ള വ്യക്തികൾ തങ്ങളുടെ സൗകര്യ പ്രകാരം അനുവദനീയമായ ഒരു ദിവസം മാത്രം തുക വിതരണം ചെയ്യുന്നു. ആ ദിവസങ്ങളിൽ ആശുപത്രിയിൽ കിടന്നു ചികിത്സിക്കേണ്ടിവന്ന ഗുണഭോക്താവിന് ആ ഗഡു നഷ്ടമാകുന്ന സ്ഥിതി വിശേഷമുണ്ടായി. ഇത്തരത്തിൽ കാത്തിരുന്ന് കിട്ടുന്ന പെൻഷൻ തുക വിതരണക്കാരന്റെ അനാസ്ഥ കൊണ്ട് മാത്രം നഷ്ടപ്പെടുന്നു. വിതരണക്കാരന്റെ അനാസ്ഥ കൊണ്ട് മാത്രം നഷ്ടപ്പെടുന്ന പെൻഷൻ തുക ഗുണഭോക്താവിന് കുടിശികയായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

ആധാർ നമ്പറിനെ ആധാരപ്പെടുത്തിയാണ് ഗുണഭോക്താവിനെ തിരിച്ചറിയുന്നതെന്നതിനാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരിൽ മെസേജ് നമ്പറിൽ നൽകുന്നതിനുകൂടി സേവന- ഡി.ബി.ടി വെയറിൽ സൗകര്യമൊരുക്കണം. താമസം മാറിപ്പോകുന്ന ഗുണഭോക്താക്കൾ, മരണപ്പെടുന്നവർ എന്നിവരുടെ കാര്യത്തിൽ പെൻഷൻ തുക ക്രമക്കേട് നടത്താൻ സാധ്യതയുള്ളതിനാൽ അത്തരം ഗുണഭോക്താക്കളുടെ വിവരങ്ങൾ വാർഡ് മെമ്പർമാർ യഥാസമയം ഗ്രാമ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകണം.

നിലവിലെ ഡി.ബി.ടി സോഫ്റ്റ് വെയറിൽ പെൻഷൻ ലഭിക്കാതെ തിരിച്ചുവരുന്ന തുക ഏത് വ്യക്തികളുടെത് എന്ന് തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലുള്ള റിപ്പോർട്ട് മെനുകൂടി ഉൾപ്പെടുത്തി പഴുതടച്ച ഒരു സോഫ്റ്റ് വെയർ സംവിധാനം രൂപകൽപന ചെയ്യണം. 2020 ആഗസ്റ്റ് 23ലെ ഉത്തരവിലെ (ഡി) ഇനമായി വിവരിച്ചിട്ടുള്ള ഭൗതിക സാഹചര്യങ്ങളുടെ ഇനങ്ങളിൽ സൂചിപ്പിക്കുന്ന മെച്ചപ്പെട്ട ജീവിതനിലവാരമുള്ളവർക്കും പെൻഷൻ ലഭിക്കുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നിലവിൽ പെൻഷൻ ലഭിക്കുന്നവരുടെ അർഹത സംബന്ധിച്ച് നിശ്ചിത ഇടവേളകളിൽ ഗാമ പഞ്ചായത്ത് തലത്തിൽ പുനപരിശോധന നടത്തണം.

ബയോ മെട്രിക് (ഓതന്റിഫിക്കേഷൻ) രേഖപ്പെടുത്തുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി നിരവനന്തപുരം, കൊല്ലം ജില്ലകളിലെ മൂന്ന് വീതം സഹകരണ സ്ഥാപനങ്ങളിൽ പൈലറ്റ് സർവേ നടത്തി രണ്ട് മാസ കാലയളവിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡയറക്ടറം ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഈ റിപ്പോർട്ടിന്റെ ഫലം പ്രായോഗികമാണെങ്കിൽ എല്ലാം ജില്ലകളിലും ഈ സസംവിധാനം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - It is recommended that the welfare pension be restricted to the fit and destitute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.