KB Ganesh Kumar

മന്ത്രി ഗണേഷ് കുമാ‍ര്‍ പിന്നോട്ടില്ല: നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് സ്വന്തം വാഹനവുമായി വരണമെന്ന് നിർദേശം

ഡ്രൈവിങ്​ സ്കൂൾ ഉടമകളും ജീവനക്കാരും സമരം കടുപ്പി​​​ച്ചതോടെ സംസ്ഥാനത്ത്​ ഡ്രൈവിങ്​ ടെസ്റ്റുകൾ സ്​തംഭിച്ചിരിക്കയാണ്. സമരക്കാർക്ക്​ മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനം. പുതിയ സാഹചര്യത്തിൽ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് സ്വന്തം വാഹനവുമായി വരണമെന്നാണ് നിർദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആ‍ര്‍.ടി.ഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ഒത്തുതീർപ്പ്​ ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്​കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും​ ഡ്രൈവിങ്​ സ്കൂൾ ഓണേഴ്​സ്​ സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ്​ സ്കൂൾ ഇൻസ്​ട്രക്​ടേഴ്​സ്​ ആൻഡ്​ വർക്കേഴ്​സ്​ അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്​. എന്നാൽ, സമരക്കാർ പ്രശ്​നമായി ചൂണ്ടിക്കാട്ടുന്ന സർക്കുലറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്​ മൂന്നു​ മുതൽ ആറു​ മാസം വ​രെ സാവകാശം അനുവദിച്ചി​ട്ടുണ്ടെന്നും നിലവിലെ രീതിയിലാണ്​ ടെസ്റ്റ്​ നടത്തുന്നതെന്നുമാണ്​ ഗതാഗത കമീഷണറേറ്റി​ന്‍റെ നിലപാട്​. ഇ​പ്പോൾ ആദ്യം നടക്കുന്ന ‘H​’ എടുക്കൽ രണ്ടാമതും രണ്ടാമതുള്ള റോഡ്​ ടെസ്റ്റ്​ ആദ്യവുമാക്കുക മാത്രമേ ചെയ്​തിട്ടുള്ളൂ. ടെസ്റ്റിനെത്തുന്നവർ രണ്ടിനും തയാറായാണ് വരുകയെന്നതിനാൽ സമരം അനാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റുകളുടെ എണ്ണം 40 ആയി ചുരുക്കിയതടക്കം കാരണങ്ങളാണ്​ ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്​. റോഡ്​ ടെസ്റ്റ്​ ആദ്യമാക്കുന്നത്​ മാനദണ്ഡങ്ങൾ കർക്കശമാക്കി പരാജയ​പ്പെടുന്നവരുടെ എണ്ണം കൂട്ടും. പുതിയ ഉത്തരവിലൂടെ ഡ്രൈവിങ്​​ ടെസ്റ്റ്​ പരിഷ്​കരണത്തിൽ ഇളവ്​ നൽകിയെന്നാണ്​ വ്യാഖ്യാനമെങ്കിലും ഇളവല്ല, അൽപം സമയമനുവദിക്കൽ മാത്രമാണുണ്ടായത്​. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറു മാസം സാവകാശമാണ്​ നൽകിയത്​. 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക്​ മാനദണ്ഡങ്ങൾക്ക്​ വിധേയമായി ഫിറ്റ്​നസ്​ നേടി റോഡിൽ ഓടാൻ അനുവാദമുണ്ടെങ്കിൽ ഇതേ വ്യവസ്ഥകൾ തങ്ങൾക്കും ബാധകമാക്കണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

സി.ഐ.ടി.യു സമരം തൽക്കാലത്തേക്ക്​ മാറ്റിവെച്ചെന്ന്​ പ്രഖ്യാപി​ച്ചെങ്കിലും പണിമുടക്കുന്നവരോട്​ അനുകൂല സമീപനമാണ്​ തിങ്കളാഴ്​ച സ്വീകരിച്ചത്​. ബലം പ്രയോഗിച്ച്​​ ടെസ്​റ്റ്​ നടത്തിക്കാനും മുതിർന്നില്ല. ചിലയിടങ്ങളിൽ സി.ഐ.ടി.യുതന്നെ സമരത്തിൽ ​പ​ങ്കെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഉടമകളും തൊഴിലാളികളും ടെസ്റ്റിൽനിന്ന്​ പിന്മാറുകയും ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്​തതോടെയാണ്​ തിങ്കളാഴ്ചയിലെ ഡ്രൈവിങ്​ പരീക്ഷ താളം തെറ്റിയത്​.

Tags:    
News Summary - It is suggested that you bring your own vehicle for the driving test from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.