തൊടുപുഴ: മകളെ വില്‍പനക്കെന്ന് പറഞ്ഞ് പിതാവിന്‍റെ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത് രണ്ടാം ഭാര്യയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിനിയായ യുവതിക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് തൊടുപുഴ സ്വദേശിയായ പിതാവിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ കുട്ടിയെ വില്‍ക്കാനുണ്ടെന്നും ഇതിനായുള്ള തുകയും കാണിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പേരും പെണ്‍കുട്ടിയുടെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം പൊലീസിനെ അറിയിച്ചു. എന്നാൽ, ഏതാനും സമയത്തിനകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പോസ്റ്റ് നീക്കം ചെയ്തെങ്കിലും തൊടുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ വല്യമ്മയും പൊലീസിൽ പരാതി നൽകി. പിതാവിനെ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൊടുപുഴ സ്വദേശിയായ പിതാവിന്‍റെ രണ്ടാം ഭാര്യയാണ് പോസ്റ്റിട്ടതെന്ന് പൊലീസിന് മനസ്സിലായി.
ഇരുവരും ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്. ഈ ബന്ധത്തിലും ഒരു കുഞ്ഞുണ്ട്. ഈ കുഞ്ഞിന്‍റെ പിതൃത്വത്തെ ഭർത്താവ് ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തിലാണ് താൻ പോസ്റ്റിട്ടതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവതിയുടെ കുഞ്ഞിന് ആറ് മാസം മാത്രമാണ് പ്രായം. അതിനാൽ തൽക്കാലം പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയുടെ അഭിപ്രായം തേടിയതായി തൊടുപുഴ എസ്.എച്ച്.ഒ. സുമേഷ് സുധാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.