മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് തിരൂരങ്ങാടി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ആറ് നഗരസഭ കൗൺസിലർമാർ അടക്കം നേതാക്കളും പ്രവർത്തകരും പാണക്കാട്ടെത്തി. ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രവർത്തകർ അവരുടെ വികാരം അറിയിക്കുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ലീഗ് മുൻസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കൽ, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് സി.എച്ച് അബൂബക്കർ, തിരൂരങ്ങാടി നഗരസഭ കൗൺസിലർമാരായ സമീർ വലിയാട്ട്, ജാഫർ കുന്നത്തേരി, മുഹമ്മദലി അരിമ്പ്ര, മുസ്തഫ പാലാട്ട്, പാലക്കൽ ബാവ, അജാസ്, സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗവും എം.കെ ഹാജിയുടെ പേരക്കുട്ടിയുമായ അബ്ദുൽ ഹഖ് എന്നിവരുടെ നേതൃത്വത്തിൽ 200 ലധികം ആളുകളാണ് പാണക്കാട്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തിനുള്ളിൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മൂന്ന് തവണ ജയിച്ചവരെ ഒഴിവാക്കുന്നതിെൻറ ഭാഗമായി സിറ്റിങ് എം.എൽ.എയായ പി.കെ അബ്ദുറബ്ബിനെ പരിഗണിക്കുന്നില്ലെങ്കിൽ മണ്ഡലത്തിൽ നിന്നു തന്നെയുള്ള പി.എം.എ സലാമിനെ സ്ഥാനാർഥിയാക്കണമെന്നും പുറത്തു നിന്നുള്ളവരെ വേണ്ടെന്നും ലീഗ് മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിരുന്നു. സലാമിെൻറ പേരായിരുന്നു സജീവമായി പരിഗണിച്ചിരുന്നതും. എന്നാൽ വെള്ളിയാഴ്ച രാവിലെയോടെ ചിത്രം മാറുകയായിരുന്നു.
പി.എം.എ സലാമിനെ അവഗണിച്ച് മജീദിനെ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രവർത്തകരുടെ നിയന്ത്രണം വിട്ടത്. മജീദിനെ മഞ്ചേരിയിലും മലപ്പുറത്തും വേങ്ങരയിലുമൊക്കെ പരിഗണിച്ചിരുന്നുവെങ്കിലും എതിർപ്പുയർന്നതിനാൽ നീക്കം ഉപേക്ഷിച്ചു. രാജ്യസഭയിലേക്കും പരിഗണിക്കപ്പെട്ടിരുന്നു. ലീഗ് സ്ഥാനാർഥി പട്ടിക നീണ്ടു പോയതിെൻറ കാരണങ്ങളിലൊന്നും ഇതായിരുന്നു. അഞ്ചു തവണ തുടർച്ചയായി ജയിച്ച മങ്കടയിൽ 2001ൽ മഞ്ഞളാംകുഴി അലിയോട് ഏറ്റുമുട്ടിയ മജീദ് തോറ്റിരുന്നു. 2004ൽ ലീഗിെൻറ ശക്തി കേന്ദ്രമായ മഞ്ചേരി പാർലമെൻറ് മണ്ഡലത്തിൽ ടി.കെ ഹംസയോടും തോറ്റതോടെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു. ഇടവേളക്ക് ശേഷം മജീദിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയതോടെ പാർട്ടിക്കുള്ളിൽ വീണ്ടും പ്രതിഷേധം മറനീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.