കൽപറ്റ: വയനാട് ജില്ല കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് കൽപറ്റ യൂനിറ്റാണ് അന്വേഷണം തുടങ്ങിയത്.
ഇത് യഥാർഥ ആനക്കൊമ്പാണെന്ന് വനംവകുപ്പ് അധികൃതർ തന്നെ അറിയിച്ചതായി പരാതി നൽകിയ ഇളങ്ങോളി അബ്ദുറഹിമാൻ ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു. കൊമ്പുകൾ യഥാർഥമല്ലെന്ന വാദം പല കോണുകളിൽനിന്നും ഉയർന്നിരുന്നു. കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ സൂക്ഷിക്കാൻ അനുമതി നൽകിയത് വനംവകുപ്പ് തന്നെയാണെന്നാണ് വിവരം. 24 വർഷം മുമ്പ് വനംവകുപ്പ് വിട്ടുനൽകിയതാണ് ഇവയെന്നും സൂചനയുണ്ട്.
കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി 1990 ഡിസംബറിൽ വനംവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 1989ൽ അന്നത്തെ കലക്ടർ മൈക്കിൾ വേദശിരോമണിയെ ചേകാടിയിൽ ആക്രമിച്ച ആനയുടെ കൊമ്പുകളാണിതെന്നും പറയപ്പെടുന്നുണ്ട്. ഈ ആന പിന്നീട് വനത്തിനുള്ളിൽ മറ്റൊരാനയുമായി ഏറ്റുമുട്ടി ചരിഞ്ഞു. ഇതേതുടർന്ന് കൊമ്പുകൾ വനംവകുപ്പ് സൂക്ഷിക്കുകയായിരുന്നു.
നിലവിലെ നിയമങ്ങൾ പ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. അവിടേക്കു മാറ്റാതെ ജില്ല കലക്ടറുടെ ഓഫിസിൽ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം. ‘മൃഗസംരക്ഷണവും വന്യജീവി സംരക്ഷണവുമൊക്കെ ഉറപ്പുവരുത്തേണ്ട ജില്ല ഭരണാധികാരിയുടെ ചേംബറിൽ, കൊല്ലപ്പെട്ട ആനയുടെ കൊമ്പുകൾ പ്രദർശനത്തിന് വെക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ജനത്തിന് നൽകുന്നത്? വേലി തന്നെ വിളവു തിന്നുന്ന തരത്തിലുള്ള നടപടിയാണിത്. ഈ ആനക്കൊമ്പുകളുടെ പ്രദർശനം പുതുതലമുറകൾക്ക് നൽകുന്ന സന്ദേശം എന്താണ്? 1990നുശേഷം വയനാട്ടിൽ കലക്ടർ പദവിയിൽ ഇരുന്നവർക്കൊന്നും ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നത് അതിശയിപ്പിക്കുന്നതാണ്. നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നൽകിയതെന്നും അബ്ദുറഹ്മാൻ പറയുന്നു.
വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ചേംബറിൽ ഒരുപാടുകാലമായി ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഈ കൊമ്പുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണുരാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നൽകിയത്. പരാതി നൽകിയശേഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഈ ആനക്കൊമ്പുകൾക്കു മുന്നിൽ ചേംബറിൽ ഇരിക്കുന്ന ചിത്രം കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.