ഓഖി ചുഴലിക്കാറ്റ്: ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്‍റ് ഇൻ ഗവർമെന്‍റ് (ഐ.എം.ജി) ഡയറക്ടര്‍ ജേക്കബ് തോമസ് ഐ.പി.എസ്. 'കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താൽപര്യങ്ങള്‍' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കവെയാണ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് കുറ്റപ്പെടുത്തി. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ സംവാദത്തിന് പോലും കേരളത്തില്‍ ഭയമാണ്. പ്രതികരിക്കുന്നവരെ നിശബ്ദനാക്കും. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ദരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുതാര്യതയെകുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഭരണാധികാരികൾക്കും ജനത്തിനും ഇടയിൽ ഒരു മതിലുണ്ട്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തു പോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി ദുരിതാശ്വാസ പാക്കേജിലെ 1,400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

Tags:    
News Summary - Jacob Thomas IPS Criticize Kerala Govt for Handle Ochki Cyclone Situation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.