ചർച്ചുകളിലേക്ക്​ യാക്കോബായ വിശ്വാസികൾ; പൊലീസ്​ തടഞ്ഞു, സംഘർഷം

കോലഞ്ചേരി: മലങ്കര സഭാ തർക്കത്തിൽ നഷ്ടമായ 52 പള്ളികളിലും പ്രവേശിക്കാൻ ആയിരക്കണക്കിന്​ യാക്കോബായ വിശ്വാസികൾ പ്രകടനമായി എത്തി. മുളന്തുരുത്തി പള്ളിയിലടക്കം പൊലീസ്​ ഇവരെ തടഞ്ഞത്​​ നേരിയ സംഘർഷത്തിനിടയാക്കി. ഒടുവിൽ പള്ളിക്ക്​ പുറത്ത്​ പ്രാർഥന നടത്തുകയാണ്​ വിശ്വാസികൾ.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത 52 പള്ളികളിലാണ് രാവിലെ ഒമ്പത്​ മണിയോടെ​ മുൻ നിശ്​ചയിച്ച പ്രകാരം യാക്കോബായ വിശ്വാസികൾ വന്നത്​.​ ആരാധനക്കെത്തുന്നവരെ തടയില്ലെന്നും എന്നാൽ, ആരാധനാലയങ്ങളിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നും ഓർത്തഡോക്സ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചെറിയ ഗ്രപ്പുകളായി വന്ന്​ ആരാധന നടത്താം എന്നാണ്​ ഇവർ പറയുന്നത്​. എന്നാൽ, വൈദികരുടെ നേതൃത്വത്തിൽ പ്രാർഥന നടത്താൻ അനുവദിക്കണമെന്നാണ്​ യാക്കോബായ വിശ്വാസികളുടെ ആവശ്യം. ഈ സാഹചര്യത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത്​ പള്ളി ഗേറ്റിനുപുറത്ത്​
 പൊലീസിൻെറ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികളെ തടയുകയായിരുന്നു. ഇത്​ പലയിടത്തും ഉന്തും തള്ളിനും ഇടയാക്കി.

സമരത്തിന്​ ഐക്യദാർഡ്യം പ്രകടിപ്പിച്ച് സഭയുടെ മറ്റ് ദേവാലയങ്ങളിലും സമര പരിപാടികൾ നടക്കുന്നുണ്ട്​. പലയിടങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സഭക്ക് നീതി ഉറപ്പാക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടമായ പള്ളികളിലേക്ക് തിരിച്ച് പ്രവേശിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചത്.

സമരത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ 6 മുതൽ ഈ പള്ളികൾ കേന്ദ്രികരിച്ച് റിലേ സത്യാഗ്രഹ സമരങ്ങൾ ആരംഭിച്ചിരുന്നു. ഇതിൻെറ തുടർച്ചയായി 15ന്  ഡോ. തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വയനാട് മീനങ്ങാടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ ആരംഭിക്കും. 29ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് ജനുവരി 1 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. സമരം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും.


നേരിടുന്നത്​ തുല്യതയില്ലാത്ത നീതി നിഷേധം -യാക്കോബായ സഭ

കോലഞ്ചേരി: തുല്യതയില്ലാത്ത നീതി നിഷേധമാണ് കഴിഞ്ഞ മൂന്നുവർഷമായി യാക്കോബായ വിശ്വാസികൾ നേരിടുന്നതെന്ന് യാക്കോബായ സഭ. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വംശീയ ഉന്മൂലനമാണ് ഓർത്തഡോക്സ് വിഭാഗം ലക്ഷ്യമിടുന്നതെന്ന് സഭാ അൽമായ ട്രസ്റ്റി കമാണ്ടർ സി.കെ.ഷാജി പറഞ്ഞു. സഭ സമരം ശക്തമാക്കിയ സാഹചര്യത്തിൽ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ ബഹുഭൂരിപക്ഷമുള്ള 52 പള്ളികളാണ് മറു വിഭാഗം പിടിച്ചെടുത്തത്. ഇതിൽ അവർ ഒരു കുടുംബം മാത്രമുള്ള പള്ളിയുമുണ്ട്. വിശ്വാസികളെ ഇറക്കിവിടാൻ ഒരു കോടതിയും പറഞ്ഞിട്ടില്ല. എന്നാൽ കോടതി വിധി തെറ്റായി വ്യഖ്യാനിച്ച് സർക്കാർ സംവിധാനങ്ങളെ തങ്ങളുടെ വഴിക്കാക്കുകയാണ് അവർ ചെയ്യുന്നത്. ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. ലക്ഷക്കണക്കിന് വരുന്ന യാക്കോബായ വിശ്വാസികളെ ഉൻമൂലനം ചെയ്യാനുള്ള നീക്കം ഇനിയുമംഗീകരിക്കാനാവില്ല. വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും സഭയ്ക്ക് നീതി ഉറപ്പാക്കും വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.