കോട്ടയം: ക്രൈസ്തവ വിശ്വാസത്തിന് ചേർന്ന രീതിയിലല്ല ഓർത്തഡോക്സ് വിഭാഗത്തിെൻറ നിലപാടുകളെന്ന് യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത. വിശ്വാസികൾക്കുനേരെ നിറയൊഴിച്ചായാലും പള്ളികൾ പിടിച്ചെടുക്കുമെന്ന പ്രസ്താവനയോടെ സ്വത്തിലാണ് തങ്ങളുടെ കണ്ണെന്ന് ഓർത്തഡോക്സ് പക്ഷം തെളിയിക്കുകയാണ്. സർക്കാർ രൂപവത്കരിച്ച ഉപസമിതിയോടുപോലും സഹകരിക്കാത്തവരാണ് വിശ്വാസികളെ പുറത്താക്കി പള്ളികൾ പിടിച്ചെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരാധനസ്വാതന്ത്ര്യം നിഷേധിക്കുെന്നന്നാരോപിച്ച് തിരുവാർപ്പ് കൊച്ചുപാലം കുരിശുംതൊട്ടിക്ക് സമീപത്ത് സത്യഗ്രഹം ആരംഭിച്ചശേഷം സംസാരിക്കുകയായിരുന്നു മാർ അലക്സാന്ത്രയോസ്.യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെട്ടു. ഏറ്റെടുത്ത പള്ളികൾക്ക് മുന്നിലെല്ലാം സമരപ്പന്തൽ ഉയരും. ഒരുരാഷ്ട്രീയ പാർട്ടിയും സഭയുടെ സഹായത്തിനും വന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ടുചെയ്യണമെന്നാണ് തെൻറ വ്യക്തിപരമായ അഭിപ്രായം. എല്ലാ പള്ളികളിലും വിശ്വാസികളെ പ്രവേശിപ്പിക്കണമെന്നാണ് തങ്ങളുടെ നിലപാട്. തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ നിയമനിർമാണം നടത്തണം. സമാധാനപരമായ സഹനസമരമാണ് നടത്തുന്നതെന്നും മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
പള്ളിമേടയിൽ താമസിച്ചിരുന്ന മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രയോസിനെ ബലംപ്രയോഗിച്ച് നീക്കിയശേഷം വ്യാഴാഴ്ച പുലർച്ച തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മെത്രാപ്പോലീത്ത സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ സത്യഗ്രഹം നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
യാക്കോബായ സഭയുടെ പള്ളികളിൽ അതിക്രമിച്ചുകയറി വിശ്വാസികളെ മർദിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് പിന്മാറുക, സഭയുടെ പള്ളികൾ വിശ്വാസികൾക്ക് നൽകുക, നഷ്ടപ്പെട്ട പള്ളികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുംവരെ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാകും സമരമെന്നും സഭാ നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.