തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് കലക്ടർമാർക്കുൾപ്പെടെ കൂട്ട സ്ഥലംമാറ്റം. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി. നിലവിലെ എം.ഡി രാജമാണിക്യത്തെ ഗ്രാമവിസന കമീഷണറാക്കി. തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും.
തിരുവനന്തപുരം കലക്ടർ നവജോത് ഖോസയെ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയായി നിയമിച്ചു. മെഡിക്കൽ സർവിസസ് കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായും മാറ്റി നിയമിച്ചു. എറണാകുളം കലക്ടർ ജാഫർ മാലിക്കിനെ പി.ആർ.ഡി ഡയറക്ടറാക്കി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ അധികചുമതലയും അദ്ദേഹം വഹിക്കും.
ആലപ്പുഴ കലക്ടർ ഡോ. രേണുരാജിനെ എറണാകുളത്തേക്ക് മാറ്റി. ലാൻഡ് റവന്യൂ ജോയന്റ് കമീഷണറായ ജറോമിക് ജോർജാണ് പുതിയ തിരുവനന്തപുരം കലക്ടർ. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി.ആർ.കെ. തേജ മൈലാവരപ്പുവിന് സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നൽകി.
ഹൗസിങ് ബോർഡ് കമീഷണർ എൻ. ദേവിദാസിനെ എക്സ്കാഡർ തസ്തിക സൃഷ്ടിച്ച് മലപ്പുറം ജില്ല വികസന കമീഷണറാക്കി മലപ്പുറത്ത് നിയമിച്ചു.
തിരുവനന്തപും ജില്ല വികസന കമീഷണർ ഡോ. വിനയ് ഗോയൽ പുതിയ ഹൗസിങ് കമീഷണറാകും. അദ്ദേഹം ഹൗസിങ് ബോർഡ് സെക്രട്ടറി, പിന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ എന്നീ അധിക ചുമതലകളും വഹിക്കും. കെ.ആർ.ടി.എൽ കോർപറഷേൻ എം.ഡിയുടെ ചുമതല തുടർന്നും വഹിക്കും. കോഴിക്കോട് ജില്ല വികസന കമീഷണർ അനുപം മിശ്രയെ എക്സ്കാഡർ തസ്തികയിൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാല്വേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പിലെ ഡയറക്ടറാക്കി.
നഗരവികസന ഡയറക്ടർ അരുൺ കെ. വിജയന് തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒയുടെ അധിക ചുമതല നൽകി. ഇടുക്കി ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യനെ ലാൻഡ് റവന്യൂ ജോയന്റ് കമീഷണറായി നിയമിച്ചു. ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധികചുമതലയും അദ്ദേഹം വഹിക്കും. കായിക യുവജനകാര്യ ഡയറക്ടർ പ്രേം കൃഷ്ണന് സംസ്ഥാന യൂത്ത് ലീഡർഷിപ് അക്കാദമിയുടെ പൂർണ അധിക ചുമതല നൽകി. തിരുവനന്തപുരം സബ്കലക്ടർ എം.എസ്. മാധവിക്കുട്ടി ജില്ല വികസന കമീഷണറുടെ അധിക ചുമതല വഹിക്കും.
കോഴിക്കോട് സബ്കലക്ടർ വി. ചെൽസാസിനിക്ക് ജില്ല വികസന കമീഷണറുടെ അധിക ചുമതല നൽകി. ദേവികുളം സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമക്ക് ഇടുക്കി ജില്ല വികസന കമീഷണറുടെയും ഇടുക്കി പാക്കേജ് സ്പെഷൽ ഓഫിസറുടെയും അധിക ചുമതല നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.