കണ്ണൂർ: സീനിയോറിറ്റി വിവാദത്തിൽ കോടതികളിൽ വർഷങ്ങളായി നിയമയുദ്ധം നടക്കുന്ന തസ്തികയിലേക്ക് ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ 47 പേർക്ക് ജയിൽ അസി. സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം. ജൂലൈ 13ന് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ ഇടക്കാല വിധിവന്ന് ഒരാഴ്ചക്കകം തന്നെ ജയിൽ വകുപ്പ് 47 പേർക്ക് പ്രമോഷൻ നൽകി ശനിയാഴ്ച ഉത്തരവിടുകയായിരുന്നു. എതിർവിഭാഗം ഹൈകോടതിയിൽ അപ്പീൽ നൽകിയെങ്കിലും വരാനിരിക്കുന്ന വിധിക്ക് വിധേയമായിരിക്കും എന്ന ഉപാധിയോടെയാണ് പുതിയ നിയമനം. എന്നാൽ, പ്രമോഷൻ നിയമനം കിട്ടുന്നവരുടെ കാര്യത്തിൽ ഏതായാലും അനിശ്ചിതത്വം ഉണ്ടാവില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് യുദ്ധകാല ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് വിവരം.
പ്രമോഷൻ നടപടി അടിയന്തരമായി നടപ്പിലാക്കി റിപ്പോർട്ട് നൽകണമെന്ന് ശനിയാഴ്ച രാവിലെ ജയിൽ ഡി.ജി.പി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. വെള്ളിയാഴ്ച സർക്കാർ ഉത്തരവായും, പിറ്റേന്ന് ജയിൽ ആസ്ഥാനത്ത് നിന്നുള്ള അടിയന്തര സന്ദേശമായും പ്രമോഷൻ അതത് ജയിലുകളിലെത്തുകയായിരുന്നു. ചിലേടത്ത് ബന്ധപ്പെട്ടവർ ശനിയാഴ്ച തന്നെ വിടുതൽ രേഖ തയാറാക്കി. ജയിൽ വകുപ്പിെൻറ ചരിത്രത്തിൽ ഇത്ര ശരവേഗതയിൽ ഒരുത്തരവ് നടപ്പിലാവുന്നത് അപൂർവമാണ്.
ജയിൽ വകുപ്പിലെ വാർഡൻ വിഭാഗം ജീവനക്കാരുടെ 2013 ഏപ്രിലിൽ ഇറങ്ങിയ സംസ്ഥാന തല സീനിയോറിറ്റി പട്ടികയുമായി ബന്ധപ്പെട്ടാണ് കോടതികളിൽ കേസുദ്ഭവിച്ചത്. മേഖല തിരിച്ചുള്ള സീനിയോറിറ്റികളും സംസ്ഥാനതല സീനിയോറിറ്റി പട്ടികയും തമ്മിൽ പൊരുത്തക്കേടുണ്ടായതാണ് വിവാദമായത്.
കേസിൽ അന്തിമതീർപ്പ് വരാതിരുന്നതിനാൽ കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ 47 അസി.സൂപ്രണ്ടുമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയായിരുന്നു. 58 തസ്തികകളിൽ 47ഉം ഒഴിഞ്ഞു കിടക്കുന്നതിെൻറ പ്രതിസന്ധി ഉന്നയിച്ചാണ് നിയമനം നടത്താൻ സർക്കാർ ഒടുവിൽ കോടതിയോട് അനുവാദം തേടിയത്.
കോടതി നിർദേശിച്ചതനുസരിച്ചുതന്നെ ഹെഡ് വാർഡർമാരുടെ സീനിയോറിറ്റി പട്ടികയിൽനിന്ന് തന്നെയാണ് പ്രമോഷൻ നിയമനത്തിന് ഉത്തരവിട്ടതെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.