തിരുവനന്തപുരം: ജയിൽ മോചനത്തിനായി സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയ 33 തടവുകാരുടെ പട്ടികയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരും. എട്ട് സി.പി.എമ്മുകാർ ഉൾപ്പെടെ 14 പേർ രാഷ്ട്രീയ തടവുകാരാണ്. ബാക്കി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയ ബി.ജെ.പിക്കാരും ബി.ജെ.പിക്കാരെ കൊലപ്പെടുത്തിയ സി.പി.എമ്മുകാരും പട്ടികയിലുണ്ട്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് പുറമെ, കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയെയും വിട്ടയക്കാൻ ശിപാർശയുണ്ട്. ജയിൽ ഉപദേശക സമിതിയുടെ അനുമതി തേടാതെ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് ഇവരെ വിട്ടയക്കാനുള്ള ശിപാർശ ഗവർണർക്ക് സമർപ്പിച്ചത്. കുപ്രസിദ്ധ കേസുകളിൽ ഉൾപ്പെട്ട തടവുകാർ പട്ടികയിലുള്ളതിനാൽ ഗവർണർ നിയമോപദേശം തേടി.
സംസ്ഥാനത്തിന് പുറത്തുള്ള ഗവർണർ മൂന്നുദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. അതിനാൽ സർക്കാർ സമർപ്പിച്ച പട്ടികയില്‍ തീരുമാനമെടുക്കാൻ സമയമെടുക്കും. പട്ടികയിൽ 33 പേരെ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡങ്ങളും രാജ്ഭവൻ പരിശോധിക്കും. കൊലപാതക കേസുകൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിരവധി തടവുകാരുണ്ടെങ്കിലും അവർക്ക് പകരം വിവാദ കേസുകളിൽ ഉൾപ്പെട്ടവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടിയവരെ മോചനത്തിന് പരിഗണിക്കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും ലംഘിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.