തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിച്ഛായ സംരക്ഷിക്കാന്‍ സി.പി.എമ്മിന് മുന്നിലുള്ളത് മന്ത്രി ഇ.പി. ജയരാജന്‍െറ സ്ഥാനചലനം മാത്രം. വകുപ്പ് മാറ്റമാണോ മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുള്ള വഴിയാണോ തെളിയുക എന്നത് ഇന്നത്തെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗ ശേഷമേ വ്യക്തമാവൂ. ഇതിനിടെ പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും ജയരാജന്‍ അറിയിച്ചു.
അസാധാരണ നടപടി തന്നെ വേണമെന്ന ശക്തമായ സന്ദേശമാണ് സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രിയുടെ സര്‍ക്കാറില്‍നിന്ന് പുറത്തേക്കുള്ള വഴിക്കാവും സാധ്യത. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വാചകങ്ങള്‍ ഇതിന്‍െറ വ്യക്തമായ സൂചനയുമാണ്. എം.ഡി, ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ളിയറന്‍സ് നിര്‍ബന്ധമാണ് എന്നതാണ് ഇതിലൊന്ന്. നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്നും അതില്‍ വ്യക്തമാകുന്നു. വിജിലന്‍സ് ക്ളിയറന്‍സില്ലാതെയാണ് നിയമനം നടന്നതെന്നും സ്വജനപക്ഷപാതം നടന്നുവെന്നും സര്‍ക്കാറും അംഗീകരിക്കുന്നതാണ് ഈ നിലപാട്.
വെള്ളിയാഴ്ച രാവിലെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. കടുത്ത വിമര്‍ശമാവും ജയരാജനും പി.കെ. ശ്രീമതിക്കും നേരിടേണ്ടിവരിക. എല്ലാ സാധ്യതകളും പരിശോധിച്ചാവും നടപടിയുണ്ടാവുക. ഭരണപരവും സംഘടനാപരവുമായ നടപടി ഒഴിവാക്കാനാവില്ളെന്നാണ് നേതൃത്വത്തിന്‍െറ നിലപാട്.
യോഗതീരുമാനം അറിയിച്ച് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണും. വ്യാഴാഴ്ച എ.കെ.ജി സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടന്നു. തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയ്യൊന്നും നടന്നില്ല. യോഗത്തിനിടെ തന്‍െറ നിലപാട് വിശദീകരിക്കാന്‍ മുതിര്‍ന്ന ജയരാജനെ മുഖ്യമന്ത്രി തടഞ്ഞു. ജയരാജന്‍െറ നടപടിയോട് ഘടകകക്ഷികള്‍ക്ക് വിയോജിപ്പാണുള്ളത്. സി.പി.എമ്മിന്‍െറ ആഭ്യന്തരവിഷയമെന്ന നിലയില്‍ അവര്‍ പരസ്യ അഭിപ്രായ പ്രകടനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.