‘ശ്രുതിക്കൊപ്പം ഈ നാട് തന്നെയുണ്ട്’; ജെൻസന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രുതിക്ക് ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അനുശോചിച്ചു.

ചൊവ്വാഴ്ച വൈകീട്ട് കൽപറ്റക്കു സമീപം വെള്ളാരംകുന്ന് ദേശീയപാതയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ ഒമ്പത് പേർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ പിതാവ് ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒന്നപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുമ്പാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;

വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.

Full View
Tags:    
News Summary - Jensen's death: Chief Minister condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.