ഇത് ലോക ക്ലാസിക്, ഇത്രയും കലാപരമായി സിനിമയെടുക്കാൻ മലയാളത്തിന് മാത്രമേ കഴിയൂ; ആടുജീവിതത്തെ പുകഴ്ത്തി ജയമോഹൻ

​ചെന്നൈ: ബ്ലെസി സംവിധാനം ചെയ്ത പ്രിഥിരാജ് തകർത്തഭിനയിച്ച ആടുജീവിതത്തെ വാനോളം പുകഴ്ത്തി പ്രമുഖ തമിഴ്-മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. ആടുജീവിതം ​ലോക ക്ലാസിക് ആണെന്നും ലോകസിനിമയിൽ മലയാളത്തിന്റെ അടയാളമായി മാറുമെന്നുമാണ് ജയമോഹൻ ബ്ലോഗിൽ എഴുതിയത്.

ആടുജീവിതം പോലെ ഇത്രയും കലാപരമായ പൂർണതയോടെ സിനിമയൊരുക്കാർ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമക്ക് മാത്രമേ കഴിയൂ. ബംഗാളി സിനിമക്ക് മുമ്പ് അതിന് സാധിക്കുമായിരുന്നു. ഇപ്പോള്‍ ഹിന്ദി സിനിമയുടെ സ്വാധീനം ബംഗാളി സിനിമയെ തകര്‍ത്തിരിക്കുന്നു. കഥ രസകരമാക്കാന്‍ സാധാരണ സിനിമക്കാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ ഒന്നുമില്ലാതെയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത് എന്നും ജയമോഹൻ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്ത സാധ്യതകള്‍ കൂടി ചിത്രം തുറന്നുവയ്ക്കുന്നു. കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്‌സ് ഒരുക്കാന്‍ കഴിഞ്ഞത് ഈ സിനിമയെ മലയാള സിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടര്‍ച്ചാവകാശിയാക്കും എന്നും ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചു.

നേരത്തേ മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് കുറിപ്പിട്ട ജയമോഹനെതിരെ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു. മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മലയാളത്തിലെ പല സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നുമായിരുന്നു ജയമോഹന്റെ വിമർശനം. മഞ്ഞുമ്മല്‍ ബോയ്സ്-കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്‍ സിനിമയെയും മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരത്തിൽ

മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Jeyamohan praises goatlife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.