തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയാണ് കോടതി പ്രസ്താവിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണം.
കേരളത്തിലെ സ്ത്രീകൾക്ക് സ്വതന്ത്രമായി, ഭയലേശമില്ലാതെ എവിടെയും ജീവിക്കാനുള്ള അവകാശമുണ്ട്. നിയമ വിദ്യാർത്ഥിനിയായ ജിഷയെ സ്വന്തം വീട്ടിൽ നിൽക്കുമ്പോഴാണ് അതിദാരുണമായ രീതിയിൽ പീഡിപ്പിച്ച് കൊന്നത്.
ഒരു ചരമക്കോളത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന ആ സംഭവം കേരളത്തിന്‍റെ പൊതുസമൂഹത്തിൽ ചർച്ചയാക്കി മാറ്റിയത് ഇടതുപക്ഷമായിരുന്നു. അന്ന് ഭരണത്തിലിരുന്ന യു.ഡി.എഫ് സർക്കാർ ഈ കേസിനെ ഗൗരവപരമായി പരിഗണിക്കാൻ പോലും തയാറായില്ല. ജിഷ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയെക്കൂടി ഉൾപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും യു.ഡി. എഫ് സർക്കാർ അതിനൊന്നും തയാറായില്ല.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ എ ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ കേസന്വേഷണത്തിന് നിയോഗിച്ചു. ഈ അന്വേഷണ സംഘം പഴുതടച്ചുള്ള അന്വേഷണം നടത്തിയതിലൂടെയാണ് കുറ്റവാളിയെ കണ്ടെത്താനും ഈ ശിക്ഷ ലഭ്യമാക്കാനും സാധിച്ചത്. ഈ അന്വേഷണ സംഘം അഭിനന്ദനം അർഹിക്കുന്നു.
എൽ ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തിയും പബ്ലിക് പ്രോസിക്യൂട്ടറുടെ മികവും ഈ വിധിക്ക് കാരണമായി. പിണറായി വിജയൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ മികവ് കൂടി ഈ വിധിയിലൂടെ വ്യക്തമാവുന്നുണ്ടെന്നും കോടിയേരി വ്യകതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.