കാക്കനാട്: ആളാകെ മാറി ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം. പിടിയിലാവുമ്പോള്‍ മെലിഞ്ഞിരുന്ന ഇയാളുടെ തൂക്കം 45 കിലോ ആയിരുന്നു. എന്നാൽ ഇപ്പോൾ 15 കിലോ കൂടിയിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും പ്രതിയില്‍ ഭാവഭേദമൊന്നും പ്രകടമായില്ല. കാക്കനാട് ജയിലിലെ സി ബ്ലോക്കില്‍ സിംഗിൾ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിചാരണഘട്ടങ്ങളില്ലാതെ പുറത്തിറക്കിയിരുന്നില്ല. ഏകാംഗ തടവുകാരനായി കഴിയുമ്പോഴും പ്രമാദമായ കേസിലെ പ്രതിയാണെന്ന ഭാവമൊന്നും കാണിച്ചിരുന്നില്ലെന്ന് ജയില്‍ അധികൃതർ പറഞ്ഞു. ശാന്തനായാണ് എപ്പോഴും കാണപ്പെട്ടിരുന്നത്. പകല്‍ ഉണര്‍ന്നിരിക്കും. രാത്രി ശാന്തനായി ഉറങ്ങും. പലപ്പോഴും മൂകനായി കാണുന്നതിനാല്‍ ആത്മഹത്യ വാസനക്ക് സാധ്യതയുണ്ടെന്ന് ഇൻറലിജന്‍സ് ഒരുമാസം മുമ്പ് ജയില്‍ അധികൃതര്‍ക്ക് മുന്നറയിപ്പ്് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
പ്രതി അമീർ മാത്രമോ; സംശയം തീരാതെ ജിഷയുടെ നാട്
പെരുമ്പാവൂർ: ജിഷയെ കൊലപ്പെടുത്തിയത് അമീറുൽ ഇസ്ലാമാണെന്ന് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല. കേസിെൻറ തുടക്കം മുതൽ ദുരൂഹതയായിരുന്നെന്ന് ജിഷയുടെ അയൽവാസികൾ പറയുന്നു. ജിഷയുടെ നാടായ ഇരിങ്ങോൾ വട്ടോളിപ്പടിയിലുള്ളവർ ആകാംക്ഷയോടെയാണ് ചൊവ്വാഴ്ച കോടതി വിധി കാത്തിരുന്നത്. എന്നാൽ, വിധി അറിഞ്ഞതോടെ ഇത്തിരിയില്ലാത്ത അവൻ അത് ചെയ്യുമെന്ന് വിശ്വാസമില്ലെന്നാണ് നാട്ടുകാർ പ്രതികരിച്ചത്.
ജിഷയുടെ മൃതദേഹം 2016 ഏപ്രിൽ 28ന് വീട്ടിനകത്ത് കാണുമ്പോൾ ഒന്നിൽ കൂടുതൽ പ്രതികളുണ്ടെന്നായിരുന്നു നിഗമനം. പൊലീസിെൻറ വിലയിരുത്തലും അങ്ങനെയായിരുന്നു. ഇതിനിടെ ഇൻക്വസ്റ്റ് തയാറാക്കലും പോസ്റ്റ്മോർട്ടത്തിന് വേണ്ട നടപടികളും ലോക്കൽ പൊലീസ് സ്വീകരിച്ചു. ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. കൊലപാതക സ്ഥലത്ത് ചെയ്യേണ്ട ക്രമീകരണങ്ങളൊന്നും ജിഷയുടെ വീട്ടിൽ പൊലീസ് നടത്തിയില്ല.
മൃതദേഹം കിടന്ന സ്ഥലം മാർക്ക് ചെയ്യാനോ വീട്ടിലേക്ക് ആളുകൾ കടക്കാതിരിക്കാൻ മുൻ കരുതലെടുക്കാനോ പൊലീസ് തയാറായില്ല. പ്രതിഷേധം ഉയർന്നപ്പോൾ തൊട്ടടുത്ത വീട്ടിൽനിന്ന് കയർ കൊണ്ടു വന്ന് വീടിന് ചുറ്റും കെട്ടി. മാധ്യമങ്ങൾ സംഭവം ഏറ്റുപിടിച്ചതോടെ ഭരണകൂടവും ഉന്നതാധികാരികളും ഉണർന്നു. ജിഷയുടെ അമ്മ രാജേശ്വരി അന്ന് പറഞ്ഞത് അയൽവാസി സാബുവാണ് മകളെ വകവരുത്തിയതെന്നാണ്. ഇത് വിശ്വസിച്ച് സാബുവിനെതിരെ പൊലീസ് നടത്തിയ നീക്കം പൊളിഞ്ഞത് ഡി.എൻ.എ പരിശോധന ഫലം പുറത്ത് വന്നപ്പോഴാണ്.
11.11ൽ ഗോവിന്ദ ചാമി; 12.12ൽ അമീറുൽ ഇസ്ലാം
കൊച്ചി: ജഡ്ജിമാർ വിധിന്യായത്തിന് മാന്ത്രിക തീയതി തെരഞ്ഞെടുത്തപ്പോൾ പണി കിട്ടിയത് ഗോവിന്ദചാമിക്കും അമീറുൽ ഇസ്ലാമിനും. സൗമ്യ വധക്കേസ് പരിഗണിച്ച തൃശൂർ അതിവേഗ കോടതി ഗോവിന്ദചാമിക്കെതിരെ വിധി പറയാൻ തെരഞ്ഞെടുത്തത് 11.11.2011 എന്ന മാജിക്കൽ തീയതിയാണെങ്കിൽ 12.12 എന്ന മാജിക്കൽ തീയതിയിൽ അമീറിെൻറ വിധി നിർണയിക്കുകയായിരുന്നു.
രണ്ടുപേരും ഇതരസംസ്ഥാനക്കാരാണെന്നതും ഇവർക്കുവേണ്ടി ഹാജരായത് ബി.എ. ആളൂർ ആണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഗോവിന്ദചാമിക്ക് തൃശൂർ കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാൽ, ഇത് പിന്നീട് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. അമീറിനെതിരെ പരമാവധി ശിക്ഷ നൽകാൻ കഴിയുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ജിഷയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും –സഹോദരി
കൊച്ചി: ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമം പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി ദീപ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുൽ ഇസ്ലാം കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം കോടതിവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതി വിധിയില്‍ സന്തോഷമുണ്ട്. ജിഷയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. വിധി അടുക്കുംതോറും ആശങ്കയുടെ നാളുകളായിരുന്നു. ഇനി ഒരു സഹോദരിക്കും ഈ ഗതിയുണ്ടാകരുതെന്നാണ് പ്രാർഥന. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി കരുതുന്നില്ലെന്നും ദീപ പറഞ്ഞു.
പ്രതി പരമാവധി ശിക്ഷക്ക് അർഹൻ -പബ്ലിക് പ്രോസിക്യൂട്ടർ
കൊച്ചി: ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാം പരമാവധി ശിക്ഷക്ക് അർഹനാണെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ പൂർണമായും ശരിെവച്ച് ശാസ്ത്രീയതെളിവുകളുടെ പിൻബലത്തോടെയുള്ള സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിധി. സാഹചര്യത്തെളിവുകൾ പ്രതിയെ കുറ്റക്കാരനായി കാണാൻമാത്രം പ്രാപ്തമാണെന്ന് കോടതിക്ക് ബോധ്യമായി. വാദം നടന്നുകൊണ്ടിരിക്കെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് തയാറാക്കിയത് ശരിയായരീതിയിലല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ ഒന്നുപോലും കെട്ടിച്ചമച്ചതല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. 38 പരിക്കുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നിർഭയ സംഭവേത്താട് സമാനമാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള വാദങ്ങളായിരിക്കും ബുധനാഴ്ച കോടതിയിൽ നിരത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.