കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ അടക്കം 100 സാക്ഷികളെയാണ് പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ മുമ്പാകെ നടക്കുന്ന രഹസ്യ വിചാരണയിൽ വിസ്തരിച്ചത്. പ്രതിയെ കോടതി നേരിട്ട് ചോദ്യംചെയ്യുന്ന നടപടി ഇൗമാസം 30ന് നടക്കും.
അസം സ്വദേശി അമീറുൽ ഇസ്ലാമാണ് വിചാരണ നേരിടുന്ന ഏക പ്രതി. ഇയാളുടെ സഹോദരനും പ്രോസിക്യൂഷൻ സാക്ഷിയുമായ ബദറുൽ ഇസ്ലാം മാത്രമാണ് കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.
2016 ഏപ്രില്‍ 28ന് വൈകുന്നേരം പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിചാരണ നടത്തിയത്. കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലിനുശേഷം പ്രതിഭാഗത്തുനിന്ന് സാക്ഷികളുണ്ടെങ്കിൽ അവരുടെ വിസ്താരംകൂടി പൂർത്തിയായശേഷമാവും വാദം കേൾക്കൽ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.