െകാച്ചി: ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ് ലാമിനുള്ള ശിക്ഷ വ്യാഴാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയ സാഹചര്യത്തിലാണ് ജഡ്ജി എൻ. അനിൽകുമാർ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും ഇന്ന് കോടതിയിൽ ഉയർത്തിയത്. പ്രതിക്ക് വധശിക്ഷ നൽകുന്നതിനായി അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകണമെന്ന് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും വിധികൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസ് അസാധാരണമാണ്. ഡൽഹി നിർഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്. 33 തവണ കുത്തേറ്റതിന്‍റെ പാടുകൾ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. പ്രതി സഹതാപം അർഹിക്കുന്നില്ല. ബിരുദാന്തര ബിരുദം പൂർത്തിയാക്കിയ നിയമ വിദ്യാർഥിയാണ് കൊല ചെയ്യപ്പെട്ടത്. ജിഷയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതിനിടെ, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അമീറിന്‍റെ അഭിഭാഷകൻ പുതിയ ഹരജി കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ല. അസം സ്വദേശിയായ അമീറിന് അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾ മനസിലായിട്ടില്ല. അതിനാൽ കേസിന്‍റെ തുടരന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഭാഗം ഹരജി തള്ളിയ ജഡ്ജി ഇപ്പോൾ ശിക്ഷയെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്നും ആവശ്യമെങ്കിൽ പിന്നീട് ഹരജി പരിഗണിക്കാമെന്നും ഉത്തരവിട്ടു.
ജിഷയെ മുൻപരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുൽ ഇസ് ലാം കോടതിയിൽ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് അമീർ മറുപടി നൽകി. മാതാപിതാക്കളെ കാണാൻ അനുവധിക്കണമെന്നും അമീർ ആവശ്യപ്പെട്ടു.
വാദത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും കേരളാ സർക്കാറിന്‍റെ പക്കലില്ല. നിരവധി പേർ സംസ്ഥാനത്തിലേക്ക് വരുകയും പോവുകയും ചെയ്യുന്നുണ്ട്. അതിനാൽ കുറ്റകൃത്യം ചെയ്യുന്ന പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കുന്നില്ല. ഭാവിയിൽ ഇതിന് പരിഹാരം കണ്ടെത്താനുള്ള നിർദേശം കോടതി പുറപ്പെടുവിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും ആണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. തുടർന്ന് ഇരുഭാഗം അഭിഭാഷകർ നിലപാട് ആവർത്തിച്ച് വാദം തുടർന്നതോടെ കേസിൽ ശിക്ഷ വിധിക്കുന്നത് കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. രാധാകൃഷ്ണൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.