നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് ഒരു വയസ്സ്

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലുണ്ടായ നാടിനെ നടുക്കിയ കൊലപാതകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണായുധമാക്കി. ദേശീയ തലത്തിലും സംഭവം ചര്‍ച്ചവിഷയമായിരുന്നു. മാസങ്ങള്‍ക്കകം പൊലീസ് കണ്ടെത്തിയ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാം ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

കേസിന്‍റെ രഹസ്യവിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചും കേസ് അന്വേഷണത്തെക്കുറിച്ചുമുള്ള ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസില്‍ ഇതുവരെ 13 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ആഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിലനിൽക്കുന്ന ആശയക്കുഴപ്പം പ്രതിഭാഗത്തിന് അനുകൂലമായി ഉപയോഗിക്കാൻ കഴിയുമെന്നുതും മറ്റൊരു വിഷയമാണ്.

വിവാദങ്ങള്‍ക്കിടെ ജിഷയുടെ കുടുംബത്തിന് നിരവധി കേന്ദ്രങ്ങളില്‍ നിന്ന് സഹായമെത്തി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കകം മുടക്കുഴയില്‍ ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും വീട് നിര്‍മിച്ചു നല്‍കി. 2016 ജൂലായ് ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്‍റെ താക്കോല്‍ കൈമാറി. രാജേശ്വരിയുടെ പരാതിയെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഏര്‍പ്പെടുത്തിയ പോലീസ് കാവല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടു വനിതാ പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

വട്ടോളിപ്പടിക്ക് സമീപം കനാല്‍ബണ്ടില്‍ മുന്‍പ് ഇവര്‍ താമസിച്ചിരുന്ന വീട് കാടുകയറിക്കിടക്കുകയാണ്. എസ്.സി- എസ്.ടി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷയുടെ സ്മൃതിമണ്ഡപത്തില്‍ പൂഷ്പാര്‍ച്ചനയുംപെരുമ്പാവൂര്‍ വ്യാപാര ഭവനില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Jisha Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.