യുവാക്കളുടെ വലിയ സ്വപ്നങ്ങളിലൊന്നാണ് സർക്കാർ ജോലി. അതിനുവേണ്ടി 'തലകുത്തി' നിന്ന് പഠിച്ച് കഷ്ടപ്പെടുന്നവരും ഏറെ. ഒടുവിൽ പരീക്ഷയെഴുതി പാസായി യോഗ്യത നേടിക്കഴിഞ്ഞിട്ടും ജോലി കിട്ടാക്കനി. ഈ സമയം കൊണ്ട് 'പാർട്ടിക്ക് പഠിച്ചവർ' സ്വപ്നക്കസേരകളിൽ കയറി അനായാസം ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. പി.എസ്.സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയാണ് 'പാർട്ടി റിക്രൂട്ട്മെൻറ് മേള'.
ലൈബ്രറി കൗൺസിൽ, സി-ഡിറ്റ്, കില, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങളിലായി നൂറുകണക്കിന് പേരെ സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. ഉദ്യോഗത്തിനുള്ള യോഗ്യത പാർട്ടി ബന്ധം മാത്രമാകുന്ന 'എല്ലാം ശരിയാകുന്ന മനോഹര' കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിന്റെ പിന്നാമ്പുറ കഥകൾ 'മാധ്യമം' ലേഖകർ അന്വേഷിക്കുന്നു
പാർട്ടി നിയമനത്തിനുള്ള പുതിയ മാനദണ്ഡമാണ് ഏതെങ്കിലും സ്ഥാപനത്തിൽ പത്തുവർഷം താൽക്കാലിക ജോലി എന്നത്. പത്തുവർഷം തികച്ചില്ലെങ്കിൽ പാർട്ടിക്കാരനാണെങ്കിൽ അത് സർക്കാർ തികച്ചുനൽകും. നിയമന ചർച്ചകളിൽ സംവരണം എന്ന വാക്കുപോലും ഇല്ല. കെൽട്രോണിലും കിലയിലും സി-ഡിറ്റിലുമെല്ലാം നടന്ന നിയമനങ്ങളുടെ പിന്നാമ്പുറം ഇങ്ങനെതന്നെ.
ബന്ധു നിയമന വിവാദത്തിൽ കസേര തെറിച്ച് ഒരു വരവുകൂടി വന്ന മന്ത്രി ഇ.പി. ജയരാജെൻറ വ്യവസായ വകുപ്പിന് കീഴിലാണ് കെൽട്രോൺ. വിവിധ കാലങ്ങളിലെ സർക്കാറുകൾക്ക് ഇഷ്ടം പോലെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ പറ്റുന്ന ഇടം. പത്തുവർഷം പൂർത്തിയായ 296 പേർക്കാണ് ഇവിടെ ഒറ്റയടിക്ക് സ്ഥിരം നിയമനം നൽകി ജനുവരി മൂന്നിന് സർക്കാർ ഉത്തരവിറക്കിയത്. സ്ഥിരപ്പെടുത്തൽ വഴി ഖജനാവിന് പ്രതിവർഷം 5.13 കോടി ബാധ്യത.
ഇഷ്ടക്കാരുടെ നിയമനത്തിന് പേരെടുത്ത മറ്റൊരു സർക്കാർ സ്ഥാപനമാണ് സെൻറർ ഫോർ ഡെവലപ്മെൻറ് ഒാഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്). സി.പി.എം മുൻ എം.പിയും ഹരിത കേരള മിഷൻ വൈസ്ചെയർപേഴ്സനുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിനെ ഒരുവർഷം മുമ്പ് ഡയറക്ടറായി നിയമിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ തന്നെയാണ് അന്ന് രംഗത്തുവന്നത്.
വൈകാതെ ജയരാജ് പുറത്തുപോയി. ഇതേ സ്ഥാപനത്തിലാണ് പാർട്ടിക്ക് വേണ്ടപ്പെട്ടവർ ഉൾപ്പെടെ പത്തുവർഷം പൂർത്തിയാക്കിയ 114 പേരെ കഴിഞ്ഞ മന്ത്രിസഭ യോഗം സ്ഥിരപ്പെടുത്തിയത്. 8200-13,300 രൂപ സ്കെയിലിൽ പാർട് ടൈം സ്വീപ്പർ മുതൽ 39,500-83,000 രൂപ സ്കെയിലിൽ സയൻറിഫിക് ഒാഫിസർ തസ്തികയിൽ വരെയാണ് നിയമനം. സ്ഥിരപ്പെടുത്തൽ നിർദേശത്തിൽ െഎ.ടി വകുപ്പ് അഡീഷനൽ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ലയും ധന, നിയമ വകുപ്പുകളും എതിർപ്പുരേഖപ്പെടുത്തിയെങ്കിലും വേണ്ടപ്പെട്ടവരായതിനാൽ വഴിമാറി.
യോഗ്യതയില്ലാത്തവർ ഉൾപ്പെടെ പത്തുപേരെയാണ് തദ്ദേശ വകുപ്പിന് കീഴിെല കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) സ്ഥിരപ്പെടുത്തിയത്. ബിരുദം യോഗ്യതയായ തസ്തികയിൽ ബിരുദമില്ലാെത ചേർന്ന ജീവനക്കാരിയെയും സ്ഥിരപ്പെടുത്തി.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ചെയർമാനായ സ്ഥാപനമാണ് സ്കോൾ കേരള. പാർട്ടി ബന്ധുക്കളുടെ സ്ഥിരപ്പെടുത്തൽ വാർത്തസമ്മേളനത്തിൽ ന്യായീകരിച്ച ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സേഹാദരി ഉൾപ്പെടെ 55 പാർട്ടിക്കാരെയാണ് ഇവിടെ സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത്. ഇവരിൽ പകുതി പേർ മുൻ സർക്കാറിെൻറ കാലത്ത് കരാർ കാലാവധി കഴിഞ്ഞപ്പോൾ പുറത്തായിരുന്നു. കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ഇവർ സമരം നടത്തി. രണ്ടുവർഷവും എട്ടു മാസവും പുറത്തിരുന്ന ഇവരെ ഇൗ സർക്കാർ വന്നശേഷം തിരികെയെടുത്തു.
സ്ഥിരപ്പെടുത്താൻ 10 വർഷം തികയാതെ വന്നതോടെ കൊടിപിടിച്ച് പുറത്തിരുന്ന രണ്ടുവർഷവും എട്ടു മാസവും സർവിസായി പരിഗണിക്കാൻ സ്കോൾ കേരള ഭരണസമിതി തീരുമാനിച്ചു. എസ്.എഫ്.െഎ മുൻ ജില്ല സെക്രട്ടറി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പാർട്ടി ഭാരവാഹികളുടെ ബന്ധുക്കൾ തുടങ്ങിയവരാണ് ഇവിടെ സ്ഥിരപ്പെടുത്തലിെൻറ വക്കിൽ നിൽക്കുന്നത്.
സുപ്രീം കോടതി പറഞ്ഞിട്ടും
ഇൗ സർക്കാറിെൻറ കാലത്ത് ഫിനാൻസ് സെക്രട്ടറി, ചീഫ് സെക്രട്ടറി പദവികൾ വഹിച്ചശേഷം കിഫ്ബി സി.ഇ.ഒ ആയ ഡോ.കെ.എം. എബ്രഹാം 2016 ജനുവരി 18ന് മുഴുവൻ വകുപ്പ് സെക്രട്ടറിമാർക്കും നൽകിയ ഒരു കുറിപ്പുണ്ട്. ദിവസവേതനക്കാർ/ താൽക്കാലിക ജീവനക്കാർ, ഡെപ്യൂേട്ടഷൻ ഉൾെപ്പടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് 2006ലെ ഉമാദേവി കേസിലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്നും അതിനാൽ ഇത്തരം നിയമനങ്ങൾക്കായുള്ള ഫയലുകളിൽ നടപടി എടുക്കരുതെന്നും നിർദേശിച്ചായിരുന്നു കുറിപ്പ്. ഇതോടെ മുൻ സർക്കാറിെൻറ കാലത്ത് സ്ഥിരപ്പെടുത്തൽ നീക്കങ്ങൾക്ക് ഏറക്കുറെ ഫുൾസ്റ്റോപ്പായി. ഈ നിർദേശം മുഴുവൻ സർക്കാർ വകുപ്പുകൾക്കും ബാധകമാണെന്നിരിക്കെയാണ് വേണ്ടപ്പെട്ടവർക്കെല്ലാം സർക്കാർ സ്ഥിരം നിയമനം നൽകുന്നത്.
പാർട്ടി നിയമനങ്ങളുടെ പ്രധാന കേന്ദ്രമാണ് എക്കാലത്തും കേരള സർവകലാശാല. അതേക്കുറിച്ച് നാളെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.