പള്ളുരുത്തി: അയർലന്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതിയെ പള്ളുരുത്തി പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടി. ഫോർട്ട്കൊച്ചി സ്വദേശിയും ഇപ്പോൾ പെരുമ്പാവൂരിൽ താമസിക്കുന്നതുമായ അനു (34) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് പള്ളുരുത്തി കടേഭാഗം സ്വദേശി ജിബിൻ ജോർജിനും കേസിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശൻ, മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജ് എന്നിവർ പറഞ്ഞു.
ഇസ്രായേലിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയാണ് അയർലൻഡിൽ നഴ്സിങ് ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. 40ഓളം പേരിൽനിന്നായി ദമ്പതികൾ 2.5 കോടി രൂപയോളം തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിനിരയായ രണ്ട് എറണാകുളം സ്വദേശികൾ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഈ രണ്ടുപേരിൽ നിന്ന് മാത്രം 12 ലക്ഷത്തിലേറെ രൂപയാണ് ദമ്പതികൾ തട്ടിയെടുത്തത്. അനുവിനെതിരെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഒമ്പത് തട്ടിപ്പുകേസുണ്ടെങ്കിലും പിടികൂടാനായിരുന്നില്ല. പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ മംഗളൂരുവിലെ നെല്ലിയാടിയിൽ തല മുണ്ഡനം ചെയ്ത് ആൾമാറാട്ടം നടത്തി കഴിയവെയാണ് പള്ളുരുത്തിയിൽനിന്നുള്ള പൊലീസ് സംഘം പിടികൂടിയത്. ഇസ്രായേലിൽ ഹെൽത്ത് കെയർ ടേക്കറായിരുന്ന അനു ജോലിയുമായി ബന്ധപ്പെട്ട പരിചയത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഇസ്രായേലിൽ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയില്ല. എന്നാൽ, അയർലൻഡിൽ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയുന്നതോടൊപ്പം ഉയർന്ന ശമ്പളവും ലഭിക്കുമെന്ന് അനു വാഗ്ദാനം ചെയ്തു.
തുടർന്നാണ് ആളുകൾ പണം നൽകിയത്. ബാങ്ക് അക്കൗണ്ട് വഴി ഒരാളിൽ നിന്ന് അഞ്ചുലക്ഷം രൂപ മുതൽ മുകളിലേക്കാണ് ഇവർ വാങ്ങിയത്. തുക എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിച്ചു വരുകയാെണന്ന് ഡി.സി.പി പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, എസ്.ഐ എം. മനോജ്, എ.എസ്.ഐ പോൾ, സിവിൽ പൊലീസ് ഓഫിസർമാരായ എഡ്വിൻ റോസ്, അനീഷ്, ശ്രുതി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.