രാഹുലിനെതിരായ അശ്ലീല പരാമർശം; ഖേദപ്രകടനവുമായി ജോയ്സ് ജോർജ്

തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എം.പി ജോയ്സ് ജോർജ്. രാഹുലിനെതിരായ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഖേദപ്രകടനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതോടെ സി.പി.എമ്മും ജോയ്സ് ജോർജിനെ തള്ളിപ്പറഞ്ഞിരുന്നു.

'ഇന്നലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ അനുചിതമായ ചില പരാമർശങ്ങൾ എന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞാൻ നിരുപാധികം പിൻവലിക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നു' -ജോയ്സ് ജോർജ് പറഞ്ഞു.

എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി രാഹുൽ സംവദിച്ചതിനെ പരാമർശിച്ചു കൊണ്ടാണ് ജോയ്സ് ജോർജ് അശ്ലീല പ്രസ്താവന നടത്തിയത്. "രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുൽ പെണ്ണ് കെട്ടിയിട്ടില്ല" -ഇതായിരുന്നു ജോയ്സ് ജോർജിന്‍റെ പരാമർശം.

ഇരട്ടയാറിൽ മന്ത്രി എം.എം. മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ ജോയ്സിന്‍റെ വിവാദ പ്രസ്താവന. പിന്നീട്, മന്ത്രി എം.എം. മണി ജോയ്സ് ജോർജിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Full View

ജോയ്സ് ജോർജിന്‍റെ പ്രസ്താവന യു.ഡി.എഫ് രാഷ്ട്രീയ വിവാദമായി ഉയർത്തിയിരുന്നു. ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സ്വയം മ്ലേച്ഛനാണെന്ന് ജോയ്സ് ജോർജ് പൊതുസമൂഹത്തോട് വിളിച്ചു പറയുകയാണ് ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു. 

Full View


Tags:    
News Summary - joice george express regret over statement against rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.