തൃശൂർ: തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന ലേബർ കോഡിനെതിരെ കർഷകരും ഇതര തൊഴിലാളി വിഭാഗങ്ങളും ചേർന്ന് യോജിച്ച പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹനൻ മൊള്ള. തൊഴിൽ ആനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കുകയാണ്. നോട്ടിസ് നൽകാതെ പിരിച്ചുവിടൽ, കരാർവത്കരണം എന്നിവ വ്യാപകമാവുകയാണ്.
സ്‌ത്രീ, ദലിത്, ന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങൾക്കെതിരായ കടന്നാക്രമണം ഉൾെപ്പടെയുള്ള സാമൂഹിക വിഷയങ്ങൾ കിസാൻസഭ ഏറ്റെടുക്കും. ഹിന്ദി മേഖലയിൽ സംഘടന പ്രവർത്തനം ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകും. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്‌മ രൂക്ഷമാണ്. തെരഞ്ഞെടുപ്പ് സമയത്ത് വമ്പൻ തൊഴിൽ വാഗ്‌ദാനങ്ങൾ മോദി നൽകിയെങ്കിലും നടപ്പാക്കിയില്ല. ഇതിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും.
കിസാൻസഭ അഖിലേന്ത്യ സമ്മേളനം വെള്ളിയാഴ്ച സമാപിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചർച്ച പൂർത്തിയായി. 25 സംസ്ഥാനങ്ങളിൽ നിന്നായി 62 പേർ പങ്കെടുത്തു. തുടർന്ന് മൂന്നു കമ്മീഷനുകളിലായി ചർച്ച നടത്തി.
'ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ബാദൽ സരോജ് ചെയർമാനും ആർ. രാംകുമാർ കൺവീനറും 'മിനിമം താങ്ങുവില നിയമപരമായി അവകാശമാക്കണം' എന്ന വിഷയത്തിൽ ബിപ്ലബ് മജുംദാർ ചെയർമാനായും വികാസ് റാവൽ കൺവീനറായും 'കൃഷിയിലേക്കുള്ള സാമ്പത്തിക മൂലധനത്തിന്റെ കടന്നുകയറ്റ'ത്തെക്കുറിച്ച് എൻ.കെ. ശുക്ല ചെയർമാനായും പ്രഫ. സുരജിത് മജുംദാർ കൺവീനറായും ചർച്ചകൾ നടത്തി. സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് കെ. ഹേമലത സംസാരിച്ചു.
കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, കെ.വി. അബ്‌ദുൾഖാദർ, പി.ബി. അനൂപ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.