സംസ്ഥാനത്തിന്റെ ധനവിനിയോഗത്തിൽ മലബാറിനോട് കടുത്ത അവഗണനയെന്ന് സാമ്പത്തിക വിദഗ്ധൻ ജോസ് സെബാസ്റ്റ്യൻ. 2006-07 മുതൽ 2015-16 വരെയുള്ള പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് സർക്കാർ ധനവിനിയോഗത്തിലും മറ്റും മലബാറിനോടുള്ള അവഗണന തെളിയുന്നത്. സാമുദായികവും പ്രാദേശികവുമായി നിലനിൽക്കുന്ന കടുത്ത വിവേചനങ്ങൾ പഠനത്തിൽ തെളിഞ്ഞതായും പഠനത്തിലെ കണ്ടെത്തലുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശമ്പള-പെൻഷൻ വിതരണത്തിൽ പ്രാദേശികമായി നിലനിൽക്കുന്ന വിവേചനം വ്യക്തമാക്കുന്ന കണക്കുകൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു.
സംസ്ഥാനത്തെ ട്രഷറികളിലൂടെ ശമ്പളം, പെൻഷൻ, മറ്റിനങ്ങൾ എന്നീ ഇനങ്ങളിൽ ജില്ല തിരിച്ചുള്ള ഒഴുക്ക് 2006-07 മുതൽ 2015-16 വരെയുള്ള 10 വർഷക്കാലം പരിശോധിച്ചതനുസരിച്ചുള്ള കണക്കിൽ വലിയ വ്യത്യാസം കാണാമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
2011 ലെ സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 56% തിരുകൊച്ചിയിലും 44% മലബാറിലും ആണ്. പക്ഷെ 10 വർഷത്തെ ശമ്പളത്തിന്‍റെ ഒഴുക്ക് നോക്കിയപ്പോൾ 77.46% തിരുകൊച്ചിയിലാണ്. മലബാറിൽ 22.54% മാത്രം. പെൻഷൻ എടുക്കുമ്പോൾ തിരു കൊച്ചിയിൽ 61.68%, മലബാറിൽ 38.32% എന്നിങ്ങനെആണ്. ശമ്പളവും പെൻഷനും മൊത്തത്തിൽ എടുക്കുമ്പോൾ 74.78%, 25.22% എന്നിങ്ങനെയാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെയും എയ്ഡഡ് സ്കൂൾ, കോളേജികളുടെയും മാത്രമാണ് ഈ കണക്കിൽ വരുന്നത്. സ്വതന്ത്ര സ്ഥാപനങ്ങളാ സർവകലാശാലകളുടെയും മറ്റ് ഒാേട്ടാണമസ് സ്ഥാപനങ്ങളുടെയും കണക്കു ഇതിൽ വരില്ല. അത് കൂടി എടുത്താൽ ഇത് ഒരുപക്ഷെ 80%, 20% എന്നിങ്ങനെ ആയിക്കൂടാ എന്നില്ലെന്ന് ജോസ് സെബാസ്റ്റ്യൻ ചൂണ്ടികാട്ടുന്നു.
ഈ വ്യത്യാസത്തിന് (മലബാർ-തിരു കൊച്ചി) കാരണം ലളിതം ആണ്. തിരുവനന്തപുരം തലസ്ഥാനം ആയത് ഒരു കാരണം ആണ്. മറ്റൊന്ന് മലബാരുകാർ ആയ സർക്കാർ ഉദ്യുഗസ്ഥർ കുറവാണ് എന്നതാണ്. പ്രധാന കാരണം പക്ഷെ എയ്ഡഡ് സ്കൂളുകളുടെയും എയ്ഡഡ് കോളേജുകളുടെയും കാര്യത്തിൽ ഉള്ള വ്യതാസം ആണ്. എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഇല്ല. 50.92%, 49.08% എന്നിങ്ങനെ ആണ്. എണ്ണത്തിൽ ഉള്ള വ്യത്യാസം യഥാർഥ വ്യത്യാസം പ്രതിഫലിപ്പിക്കുന്നില്ല. കൂടുതൽ ഡിവിഷനുകൾ ഉള്ള സ്കൂളുകൾ കൂടുതൽ ഉള്ളത് തിരു-കൊച്ചിയിൽ ആണ്.
എന്നാൽ എയ്ഡഡ് കോളേജുകളുടെ കാര്യം വരുമ്പോൾ ഭയങ്കര വ്യത്യാസം ആണ്. ആകെയുള്ള 204 കോളേജുകളിൽ 142 എണ്ണം (69.61%) തിരു-കൊച്ചിയിലും 62 എണ്ണം (30.39%) മലബാറിലും ആണ്. തിരുകൊച്ചിയിലെ എയ്ഡഡ് കോളേജുകൾ കോഴ്സുകളുടെ എണ്ണത്തിലും അതുകൊണ്ടുതന്നെ അധ്യാപകരുടെ എണ്ണത്തിലും വളരെ വലുതാണ്.
ഇനി ഇതിലെ സാമുദായിക മാനം നോക്കാം. മലബാർ എന്നാൽ മുസ്ലിങ്ങൾ, താഴ്ന്ന ജാതി ഹിന്ദുക്കൾ, ആദിവാസികൾ, കുടിയേറ്റ ക്രിസ്ത്യാനികൾ. തിരുകൊച്ചി എന്നാൽ സവർണ ക്രിസ്ത്യാണികളും സവർണ ഹിന്ദുക്കളും താഴ്ന്ന ജാതി ഹിന്ദുക്കളും.
ഓരോ ശമ്പള പരിഷ്കരണം വരുമ്പോഴും മലബാറും തിരുകൊച്ചിയും തമ്മിലുള്ള വിടവ് കൂടി വരികയേ ഉള്ളൂ. കാരണം നമ്മുടെ ധനകാര്യം ചില വിഭാങ്ങളിലേക്ക് പൊതുവിഭവങ്ങൾ കുത്തിയൊലിച്ചു ഒഴുകത്തക്ക വിധം സംവിധാനം ചെയ്യപ്പെട്ടത് ആണ്.
പ്രാദേശിക വാദം പറയുക അല്ല. മലബാറുകാർ ഇതു പരിഹരിക്കാൻ ശ്രമിക്കണം. കൂടുതൽ സർക്കാർ ഓഫീസുകൾ തുടങ്ങുക നടക്കുന്ന കാര്യം അല്ല. പക്ഷെ കോഴിക്കോട് കേന്ദ്രം ആയി രണ്ടാം തലസ്ഥാനം ആവശ്യപ്പെടാം. പി.എസ്.സി നിയമനങ്ങളിൽ മലബാർ ക്വാട്ട ഒരു പരി ഹാരം ആണ്. മറ്റൊന്ന് സ്റ്റാറ്റ്യൂട്ടറി പെൻഷനുപകരം സാർവ്വത്രിക പെൻഷൻ ഏർപ്പെടുത്തുകയാണ്.
ഗൾഫ് പണം ആണ് ഈ വ്യത്യാസം മറച്ചുവെച്ചത്. ഗൾഫ് പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.