കോട്ടയം: ഫ്രാൻസിസ് ജോർജിന്റെ ജയത്തിലൂടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി അംഗീകാരവും ചിഹ്നവും ലഭിക്കും. സംസ്ഥാന പാർട്ടിയായി കേരള കോൺഗ്രസ് ഇതുവരെ അംഗീകരിക്കപ്പെട്ടിരുന്നില്ല. കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലെ തർക്കത്തിനൊടുവിൽ കേരള കോൺഗ്രസ് എന്ന പേര് മാത്രമാണ് ലഭിച്ചത്. ചിഹ്നം ലഭിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കാൻ ഒരു ലോക്സഭാംഗം അല്ലെങ്കിൽ അഞ്ച് നിയമസഭാംഗങ്ങൾ വേണമെന്നാണ് വ്യവസ്ഥ. കോട്ടയം മണ്ഡലത്തിൽ ജയിച്ചതോടെയാണ് അംഗീകാരത്തിന് യോഗ്യത കൈവരുന്നത്.
കോട്ടയം മണ്ഡലത്തിൽ സ്ഥാനാർഥിയുടെ പേര് മാത്രം എഴുതിയായിരുന്നു ജോസഫ് ഗ്രൂപ് പ്രചാരണം. കേരള കോൺഗ്രസ് എമ്മാകട്ടെ, സുപരിചിതമായ രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. ഒടുവിൽ ജനകീയ ചിഹ്നമായ ഓട്ടോറിക്ഷ ലഭിച്ചതാണ് ജോസഫ് വിഭാഗത്തിനും ഫ്രാൻസിസ് ജോർജിനും തുണയായത്. 2019ലെ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് ആഗ്രഹിച്ച കോട്ടയം മണ്ഡലം കെ.എം. മാണി ഇടപെട്ടാണ് തോമസ് ചാഴികാടന് കൈമാറിയത്. എന്നാൽ, ഇക്കുറി ഫ്രാൻസിസ് ജോർജിലൂടെ അത് തിരിച്ചുപിടിക്കാനായതും ആശ്വാസമായി.
കേരള കോൺഗ്രസ് എമ്മിന് അഞ്ച് എം.എൽ.എമാരും ഒരു എം.പിയുമുണ്ടായിരുന്നത് ജോസഫ് വിഭാഗത്തിന് വലിയ ക്ഷീണവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.