ന്യൂഡൽഹി: മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും 2014 മുതൽ മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ താഴേക്കാണ് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ സുരക്ഷയിലും റാങ്കിലും ഇന്ത്യ ഏറെ പിന്നിലാണ്. അധികാര കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങൾ അല്ലാതെ അന്വേഷണത്തിലുടെ കണ്ടെത്തുന്ന വിവരങ്ങൾ വാർത്താക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ലു.ജെ) ഡൽഹി ഘടകം പുതിയ നേതൃത്വത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് ഉപദേശിക്കുന്നതിൽ അർഥമില്ല. ആരുടെയെങ്കിലും ഉപദേശപ്രകാരം നടത്തേണ്ടതല്ല മാധ്യമപ്രവർത്തനം. ഉപദേശം അനുസരിക്കാൻ മാധ്യമപ്രവർത്തകരെ മൂലധന ശക്തികൾ അനുവദിക്കുന്നുമില്ല. മൂലധന ശക്തികൾ മാധ്യമ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നുവെന്നും ഇടതുപക്ഷ വിരുദ്ധതയാണ് ഇവരുടെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപദേശിച്ച് നന്നാക്കാൻ സാധിക്കില്ലായെന്ന് പറയുമ്പോഴും ചില കാര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ജാഗ്രത കാണിക്കാൻ കഴിയും. നാടിനാകെ തീപടർത്തുന്ന വർഗീയ പ്രചരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാനാകും. ഊഹാപോഹങ്ങളും കിംവദന്തികളും പടർത്താതിരിക്കാൻ ഒഴിഞ്ഞ് നിൽക്കണം. അങ്ങനെ പടർന്നാൽ നാടിന്റെ നിലനിൽപ്പ് തന്നെ അത് അവതാളത്തിലാക്കും. നാടില്ലാതായാൽ മാധ്യമങ്ങളും ഉണ്ടാവില്ല.
വ്യാകരണ തെറ്റ് പോലും ശരിയാക്കാനുള്ള സമയമെടുക്കാതെയുള്ള ബ്രേക്കിങ് ന്യൂസ് സംസ്കാരം ശരിയാണോ എന്ന് ചിന്തിക്കണം. വികാരങ്ങളുടെ പിന്നാലെ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. വികസനവും ക്ഷേമ പ്രവർത്തനങ്ങളും വാർത്തയായി മലയാള മാധ്യമങ്ങളിൽ കാണാൻ കഴിയുന്നില്ല. ഇതു ശരിയാണോ എന്ന് പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.
പരിപാടിയിൽ കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, കെ.യു.ഡബ്ലു.ജെ ഡൽഹി പ്രസിഡന്റ് പ്രസൂൺ എസ്. കണ്ടത്ത്, സെക്രട്ടറി ഡി. ധനസുമോദ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.