representation image

മുട്ടിൽ മരംമുറി: അഴിമതിക്ക്​ കൂട്ടുനിന്നിട്ടില്ല, നടക്കുന്നത് ഏകപക്ഷീയ വേട്ടയാടൽ -ദീപക് ധര്‍മടം

കോഴിക്കോട്​: തനിക്കെതിരെ ഏകപക്ഷീയമായ വേട്ടയാടൽ നടക്കുകയാണെന്ന് മുട്ടില്‍മരം മുറിക്കേസില്‍ ആരോപണവിധേയനായ മാധ്യമ പ്രവര്‍ത്തകൻ ദീപക് ധര്‍മടം. കേസ്​ അട്ടിമറിക്കാൻ ദീപക്​ ഇടപെട്ടുവെന്ന്​ വെളിപ്പെടുത്തുന്ന വനംവകുപ്പ്​ അന്വേഷണ റിപ്പോർട്ടും ഫോൺ സംഭാഷണ രേഖകളും പുറത്തുവന്ന പശ്​ചാത്തലത്തിലാണ്​ 24 ന്യൂസ് ചാനല്‍ റീജനല്‍ ഹെഡും മാധ്യമ പ്രവര്‍ത്തകനുമായ ദീപക്കിന്‍റെ പ്രതികരണം. 'ഒരു അഴിമതിക്കും കൂട്ടുനിന്നിട്ടില്ല. നിൽക്കുകയുമില്ല. വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം. അതുവരെ ഇനി പ്രതികരിക്കുന്നില്ല' എന്നും ദീപക് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപക് വിവാദങ്ങളോട് പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ദീപക് ധര്‍മടവും ആരോപണവിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും പ്രതികളും ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്​ ദീപകിനെതിരെ ചാനൽ നടപടിയും സ്വീകരിച്ചിരുന്നു..

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ സാജനും ആ​േന്‍റാ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ഒരു സംഘമായി പ്രവർത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ്​ വനം വകുപ്പിന്‍റെ റിപ്പോർട്ടിലുള്ളത്​. ഇതിനെ സാധൂകരിക്കുന്നതാണ്​ ഇപ്പോൾ പുറത്തുവന്ന ഫോൺ വിളി വിവരങ്ങൾ. സാജനും കേസിലെ പ്രതികളും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്​. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണയാണ്​ ഫോണിൽ ബന്ധപ്പെട്ടത്​​. വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലാണ് ​ഫോൺ വിളി വിവരങ്ങളുള്ളത്​.


മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരിൽ കേസെടുത്ത്​ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് എൻ.ടി സാജൻ സമീറിനെതിരെ റിപ്പോ‍ർട്ട് നൽകിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ച ഫെബ്രുവരി 15ന് സാജനും ആൻ്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഫോണിൽ സംസാരിച്ചു. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ വിവരമനസുരിച്ച്​ സമീറിനെതിരെ കള്ളകേസ്​ എടുക്കുകയായിരുന്നുവെന്നാണ്​ അന്വേഷണ റിപ്പോർട്ട്​.

മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ടിരുന്നു. ഇൗ ദിവസം ആ​േന്‍റാ അഗസ്റ്റിനും ദീപകും തമ്മിൽ അഞ്ച് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്​. മുട്ടിൽ മരം മുറി കേസ്​ അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും എൻ.ടി സാജനെതിരെ സ്ഥലംമാറ്റ നടപടി മാത്രമാണുണ്ടായത്​. നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും കടുത്ത നടപടികളിലേക്ക് സർക്കാർ​ കടക്കാതിരുന്നതിന്​ പിറകിൽ ഉന്നത ഇടപെടലുകളുണ്ടായെന്ന സംശയം ബലപ്പെടുകയാണ്​.

ദീപക് ധര്‍മടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സുഹൃത്തുക്കളെ,

എനിക്കെതിരെ ഏക പക്ഷീയമായി വേട്ടയാടൽ നടക്കുകയാണ്. ഒരു കാര്യം മാത്രം പറയുന്നു. ഒരു അഴിമതിക്കും കൂട്ടുനിന്നിട്ടില്ല. നിൽക്കുകയുമില്ല.

വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം .അതുവരെ ഇനി പ്രതികരിക്കുന്നില്ല.

Tags:    
News Summary - journalist deepak dharmadam responds on muttil tree case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.