കേരളത്തിൽ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രകടമാകും’

പാലക്കാട്: വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. പാലക്കാട് അടക്കമുള്ള നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാന വർധന ബി.ജെപിയെ അംഗീകരിച്ചതിന്റെ തെളിവാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാർ പലതും ഒളിച്ചുകളിക്കുകയാണ്. സ്വന്തം ആളുകൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാറിനറിയാം. അതിനാൽ തുടർനടപടി വൈകുന്നു. കേരളം കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും നാടായി മാറി. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും കള്ളക്കടത്ത് കേന്ദ്രമായെന്നും നഡ്ഡ പറഞ്ഞു.

അതിനിടെ, നഡ്ഡ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പരിപാടിയിൽ മുൻ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥ് പങ്കെടുത്തു. നേരത്തേ കോൺഗ്രസ് വിട്ട എ.വി. ഗോപിനാഥ് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ശേഷം സി.പി.എമ്മുമായി അടുത്ത അദ്ദേഹം നവകേരള സദസ്സിൽ ഉൾപ്പെടെ പങ്കെടുത്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബി.ജെ.പി പരിപാടിയിലേക്കും എത്തിയിരിക്കുന്നത്. ഒരു കർഷകൻ എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അതിൽ പ്രത്യേകിച്ച് ഒന്നും കാണേണ്ടതില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

Tags:    
News Summary - JP NADDA ABOUT KERALA POLITICS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.