കൊണ്ടോട്ടി: 'രക്ഷിക്കണേ എന്ന നിലവിളി, കൂട്ടക്കരച്ചിൽ, വേദനയിൽ പിടയുന്ന ജീവനുകൾ; ചേതനയറ്റ ശരീരങ്ങൾ കണ്ടപ്പോൾ ആദ്യമൊന്ന് പതറി. പന്നീട് അവരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു...' കരിപ്പൂരിലെ അപകടമുഖത്ത് ആദ്യമെത്തിയവരിൽ ഒരാളായ മുക്കൂട് സ്വദേശി ജുനൈദിെൻറ വാക്കുകളാണിത്.
റൺവേയുടെ പരിസരത്ത് താമസിക്കുന്ന ഇദ്ദേഹത്തിെൻറ നടുക്കം ഇനിയും മാറിയിട്ടില്ല. വിമാനം മൂക്കു കുത്തിയ ഭാഗത്ത് നിന്ന് 25 മീറ്റർ മാത്രം മാറിയാണ് ജുനൈദിെൻറ വീട്. കോവിഡ് പശ്ചാതലത്തിൽ കൊണ്ടോട്ടി നഗരസഭ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത് കാരണം വീട്ടിൽ തന്നെയായിരുന്നു.
രാത്രി 7.40ന് രണ്ട് മിനിറ്റ് വ്യത്യാസത്തിൽ വലിയ ശബ്ദത്തോടെ രണ്ട് സ്ഫോടനമാണ് കേട്ടത്. ശക്തമായ മഴയായിരുന്നു. ഇടിയുടെ ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. പുറത്തേക്കിറങ്ങിയപ്പോൾ റൺവേയുടെ താഴ്ഭാഗത്തേക്ക് വീണ് കിടക്കുന്ന വിമാനത്തിെൻറ മുകൾ ഭാഗമാണ് കണ്ടത്.
ഉടനെ സംഭവ സ്ഥലത്തേക്ക് ഓടി. ഈ സമയം മറ്റ് അയൽവാസികളും സ്ഥലത്തെത്തിയിരുന്നു. കോക്ക് പിറ്റിെൻറ ഭാഗം മതിലിൽ ഇടിച്ച് നിൽക്കുന്നതാണ് കണ്ടത്. ഗേറ്റ് തുറക്കാൻ സെക്യൂരിറ്റിയോട് ആവശ്യപ്പെെട്ടങ്കിലും സമ്മതിച്ചില്ല. എമർജൻസി ഡോറിനടുത്ത് ഇരുന്നിരുന്ന യാത്രക്കാരൻ എമർജൻസി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി രക്ഷിക്കണേ എന്ന് നിലവളിച്ച് ഗേറ്റിനടുത്തേക്ക് ഓടിയെത്തി. ഉടനെ സെക്യൂരിറ്റി ഗേറ്റ് തുറന്നു.
ആ സമയം വിമാന എൻജിൻ പ്രവർത്തിക്കുന്നില്ലായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ട നിലവിളി. സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയർഫോഴ്സിെൻറയും വിമാനത്താവള ജീവനക്കാരുടെയും നിർദേശാനുസരണം രക്ഷാപ്രവർത്തനത്തിന് എല്ലാം മറന്നിറങ്ങി.
വിമാനം പിളർന്ന് യാത്രക്കാർ തെറിച്ച് വീണ് കിടക്കുന്നു. പിഞ്ചുകുട്ടികളടക്കമുള്ളവരുടെ മേൽ വിമാനാവശിഷ്ടങ്ങൾ തറച്ചിരുന്നു. ആദ്യം ആറുപേരെയാണ് പുറത്തെടുത്തത്. ഇതിൽ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.
കാലിന് പരിക്കേറ്റ പിഞ്ചുകുഞ്ഞിനെ തോളിൽ കിടത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സാഹസപ്പെട്ടാണ് പൈലറ്റുമാരെ പുറത്തെടുത്തത്. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. രണ്ട് സ്ത്രീകളെയും മരിച്ചനിലയിൽ കണ്ടു. ഓട്ടോറിക്ഷ അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ എത്തിച്ചാണ് ഓരോരുത്തരെയും ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെയും എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെയും കഠിനാധ്വാനം കൊണ്ട് മണിക്കൂറുകൾക്കകം എല്ലാ യാത്രക്കാരെയും പുറത്തെടുക്കാനായി.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ക്വാറൻറീനിൽ പോകണമെന്ന ആരോഗ്യവകുപ്പിെൻറ നിർദേശം വന്നതോടെ സുഹൃത്തിെൻറ വീട്ടിലാണ് ജുനൈദിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.