അട്ടപ്പാടി മൂലഗംഗൽ ഊരിലെ ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കോഴിക്കോട്: അട്ടപ്പാടിയിലെ മൂലഗംഗൽ ഊരിലെ ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഡി.ജി.പി, പാലക്കാട് എസ്.പി, ഷോളയൂർ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് ഉത്തരവ്. മൂഗംഗലിലെ ഭൂവുടമസ്ഥത സംബന്ധിച്ച് തർക്കത്തിൽ ഇടപെടാൻ പൊലീസിനെ അനുവദിക്കാൻ കഴിയില്ല. ആദിവാസികളും എതിർ കക്ഷികളും തമ്മിൽ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ, യോഗ്യതയുള്ള ഫോറത്തെ അഥവാ കോടതികളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. അതിന് അവർക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാൽ, ആദിവാസികളുടെ ജീവന് മതിയായ സംരക്ഷണം ഉണ്ടെന്നും ഇരുകക്ഷികളും പരസ്പരം അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നും പൊലീസ് ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്ന ഒരു നടപടിയും സ്വീകരിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. ഈ പ്രദേശത്ത് ക്രമസമാധാനം എപ്പോഴും നിലനിൽക്കുന്നുവെന്നും കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ ഒരു ക്രമസമാധാന പ്രശ്നമായി മാറുന്നില്ലെന്നും ഉറപ്പാക്കണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ പറയുന്നു.

മൂലഗംഗൽ ഊരിലെ നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. കോയമ്പത്തൂരിലെ സനാതന ട്രസ്റ്റ്, സെക്രട്ടറി കണ്ണൻ, കോയമ്പത്തൂർ സ്വദേശി ചെമ്പകം എന്നിവരാണ് മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറങ്ങണമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഷോളയൂർ വില്ലേജിൽ വനാവകാശ ചട്ടപ്രകാരം സംരക്ഷിച്ചിരിക്കുന്ന മേഖലയിലാണ് ജീവിക്കുന്നതെന്ന് ഹരജിയിൽ വ്യക്തമാക്കി. ആദിവാസികൾ മാത്രം താമസിക്കുന്ന ഈ പ്രദേശങ്ങൾ 'സംരക്ഷിത വനമേഖല'യുടെ ഭാഗമാണ്. മൂലഗംഗൽ അടക്കം ആദിവാസികൾക്ക് മാത്രം താമസിക്കുന്ന ഊരുകളാണ്. ഈ പ്രദേശത്ത് എത്തിയ സനാതന ട്രസ്റ്റിന്റെ ആളുകൾ അതിക്രമിച്ച് കടക്കാനും കുടിയിറക്കാനും ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നിട്ടും സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്ന് നടപടിയുണ്ടായില്ല,. അതിനാലാണ് ഹൈകോടതിയിൽ റിട്ട് പെറ്റീഷൽ നൽകിയതെന്നും ആദിവാസികൾക്ക് വേണ്ടി ഹാജരായ അഡ്വ. കെ.ആർ.  അനീഷ് ചൂണ്ടിക്കാട്ടി.

അതേസമയം, സനാതന ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആദിവാസികളുടെ ആരോപണങ്ങൾ തീർത്തും അസത്യവും അടിസ്ഥാന രഹിതവുമാണെന്ന് വാദിച്ചു. സാധുവായ ഉടമസ്ഥാവകാശ രേഖകളുടെ ബലത്തിലാണ് ഭൂമിയിൽ എത്തിയത്. നിശ്ചിത അളവിലുള്ള ഭൂമിയുടെ പൂർണമായ ഉടമസ്ഥാവകാശം സനാതന ട്രസ്റ്റിന് ഉണ്ടെന്ന് അവകാശപ്പെട്ടു.

അതേസമയം, ഇരു കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ സിവിൽ മേഖലയിൽ മാത്രമാണെന്നും അതിൽ പൊലീസിന് സാധാരണയായി ഇടപെടാൻ കഴിയില്ലെന്നും സീനിയർ ഗവ. പ്ലീഡർ രേഖ സി. നായർ മറുപടി നൽകി. എന്നാൽ, ക്രമസമാധാനപാലനം എപ്പോഴും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രമസമാധാനം ലംഘിക്കുന്ന ഒരു പ്രവർത്തിയും ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. 'മാധ്യമം ഓൺലൈനാ'ണ് മൂലഗംഗൽ ഊരിലെ ഭൂമി കൈയേറ്റം പുറത്തുകൊണ്ടുവന്നത്. 

Tags:    
News Summary - Justice Devan Ramachandran to ensure protection of tribals of Attapadi Moolagangal Ur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.