കൊച്ചി: കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ വിമർശനത്തെ പരിഹസിച്ച പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻ.എസ്.എസിനെ താഴ്ത്തികെട്ടി സംസാരിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
എൻ.എസ്.എസിന്‍റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും. എന്നാൽ, അത് അധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയത്. കോടതി വാദത്തിനിടയിൽ പല കാര്യങ്ങളും പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ല.
'കുഴിവെട്ട്' എന്ന വാചകം ഉപയോഗിച്ചതായി ഓർക്കുന്നില്ല. എൻ.എസ്.എസിന്‍റെ പ്രവർത്തനങ്ങളോട് ബഹുമാനമാണ്. താന്നും എൻ.എസ്.എസിന്‍റെ ഭാഗമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി എതിരാണെന്ന് ഹരജിക്കാർക്കും കക്ഷികൾക്കും തോന്നുന്നതിന്‍റെ ഭാഗമായാണ് ഇത്തരം വിമർശനങ്ങൾ കോടതിക്ക് പുറത്ത് വരുന്നത്. കോടതിയിൽ പറയുന്ന കാര്യങ്ങൾ കോടതിക്കുള്ളിൽ നിൽക്കണം. പുറത്ത് ചർച്ചയാക്കേണ്ടതില്ല. വാക്കുകൾ അടർത്തിയെടുക്കാണ് വാർത്ത നൽകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) കോ ഓഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടുമ്പോൾ നിർദേശം നൽകുന്നത് അധ്യാപന പരിചയമാകില്ലെന്നുമാണ് ഇന്നലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോ ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ് കോടതിയുടെ വിമർശനമുണ്ടായത്.
കോടതിയുടെ വിമർശനത്തെ പരിഹസിക്കുന്ന തരത്തിലാണ് പ്രിയ വർഗീസ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 'നാഷനൽ സർവിസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം' എന്നാണ് പ്രിയ എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 'അത് വ്യക്തിയല്ല സമൂഹമാണ്' എന്ന് എഴുതിയ എൻ.എസ്.എസ് ചിത്രവും പോസ്റ്റ് ചെയ്തു. പിന്നീട് വിവാദമായതോടെ പ്രിയ വർഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.