കോഴിക്കോട്: സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ ജസ്റ്റിസ് മൈക്കിൽ എഫ്. സൽദാന. സിസ്റ്റർ ലൂസിക്കെതിരായ കത്ത് വത്തിക്കാനിൽ നിന്ന് അയച്ചത് റോമിലെ ഒാഫീസ് അടച്ചിട്ട സമയത്താണെന്ന് ജസ്റ്റിസ് സൽദാന പറഞ്ഞു.
പുറത്താക്കി കൊണ്ടുള്ള കത്ത് യാഥാർഥ്യമാണോ എന്ന് സംശയമുണ്ട്. കോടതി വിഷയം കൈകാര്യം ചെയ്യട്ടെ എന്നും സിസ്റ്റർ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും ജസ്റ്റിസ് സൽദാന വാർത്താ ചാനലിനോട് വ്യക്തമാക്കി.
കത്ത് അയച്ച സംഭവത്തിൽ വത്തിക്കാനിലെ പൗരസ്ത തിരുസംഘത്തിന്‍റെ തലവനും അപസ്തോലിക് നൺസിയോക്കും ജസ്റ്റിസ് സൽദാന ലീഗൽ നോട്ടീസ് അയച്ചു. കർണാടക-ബോംബെ ഹൈകോടതികളിൽ ജഡ്ജിയായിരുന്നു മൈക്കിൽ എഫ്. സൽദാന.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് സന്യാസിനിമാർക്ക് അയച്ച കത്തിലാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടുന്നത്.
സഭാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്‍റെ ചിട്ടവട്ടങ്ങൾക്ക് അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റർ ലൂസിയെ നേരത്തെ പുറത്താക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സിസ്റ്റർ ലൂസി വത്തിക്കാനിലെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.