കുറ്റ്യാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ തനിക്കെതിരേ വിളിച്ച മുദ്രാവാക്യങ്ങളിൽ പ്രതികരിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ.ലതിക. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കെ.കെ.ലതിക പ്രതിഷേധക്കാർക്ക് മറുപടി പറഞ്ഞത്. കുറ്റ്യാടി പ്രകടനത്തിൽ രൂക്ഷമായ മുദ്രാവാക്യമാണ് ലതികക്കും മോഹനനും എതിരേ ഉയർന്നത്.
'ഓര്‍ത്തു കളിച്ചോ തെമ്മാടി, ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ... പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല…" തുടങ്ങിയ മുദ്രാവാക്യമാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ പ്രവർത്തകർ വിളിച്ചത്. ലതികയുടെ പിതാവ് കൂരിക്കാട്ടിൽ കുഞ്ഞിച്ചാത്തുവിന്‍റെ പേരും പ്രതിഷേധ മുദ്രാവാക്യങ്ങളിൽ കടന്നുവന്നിരുന്നു. 'കൂരിക്കാട്ടെ കുഞ്ഞാത്തൂ. കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്. ഓര്‍ത്ത് കളിച്ചോ ലതികപ്പെണ്ണേ. പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല' എന്നായിരുന്നു മുദ്രാവാക്യങ്ങളിൽ ഒരെണ്ണം. ഇതാണ് കെ.കെ.ലതികയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
'പി മോഹനാ ഓര്‍ത്തോളൂ...ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍ ഓളേം മക്കളേം വിൽക്കൂലേ...' തുടങ്ങിയ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർന്നു കേട്ടു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടിക്ക് തന്നെ നാണക്കേടായി മാറിയ മുദ്രാവാക്യങ്ങളെ രാഷ്ട്രീയ എതിരാളികളും ആഘോഷിച്ചു. മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. രണ്ട് ദിവസങ്ങളിലായി നടന്ന പ്രകടനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തിയത്. ഇതിൽ പ്രതികരിച്ചുകൊണ്ട് തന്‍റെ അച്ഛന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ചെറിയൊരു കുറിപ്പാണ് കെ.കെ.ലതിക ഫേസ്ബുക്കിൽ പങ്കുവച്ചത്.
'ഇതെന്‍റെ അഛൻ കൂരിക്കാട്ടിൽ കുഞ്ഞിച്ചാത്തു. കുന്നുമ്മൽ ഏരിയയിലും പരിസര പ്രദേശങ്ങളിലും പാർട്ടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ സഖാവ്. ബഹുമുഖ പ്രതിഭയായ കാരപ്പറ രാജഗോപാലൻ സഖാവിനെ വരച്ചപ്പോൾ'-എന്നാണ് കുറിപ്പിലുള്ളത്. ധാരാളംപേർ ലതികയെ പിന്തുണച്ച് ഫേസ്ബുക്കിൽ രംഗത്ത് എത്തിയിട്ടുണ്ട്. 'ഇന്നലെ ഈ പേര് ഓർമ്മിച്ചവർക്ക്, ഈ ചരിത്രം കൂടി ഓർമ്മ വേണം. കനൽപാത താണ്ടിയവരെ മറക്കരുത്'-എന്ന് ഒരാൾ കമന്‍റിൽ കുറിച്ചു. 'സഖാവ് കെ.കെ.കുഞ്ഞിചാത്തു, കുന്നുമ്മൽ നാദാപുരം മേഖലയിൽ കമ്യൂണിസ്റ്റ് കർഷപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേത്യത്വം നൽകിയ ഉജ്ജ്വല സംഘാടകൻ. ജാതിജന്മിത്വത്തിന്‍റെ ചൂഷണങ്ങളിൽ നിന്ന് കർഷകതൊഴിലാളികളെ രക്ഷിക്കുന്നതിനായി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ധീരനായ പോരാളി. അതി കഠിനമായ ജീവിതസാഹചര്യങ്ങളെയും ജന്മി വർഗ്ഗത്തിൻ്റെ നേരിട്ടുള്ള കായികാക്രമണങ്ങളേയും ഭരണകൂട ഭീകരതയെയും അതിജീവിച്ച് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ്. ലാൽസലാം സഖാവെ' -മറ്റൊരാൾ കുറിക്കുന്നു.
'എല്ലാം നല്ലതിന് തന്നെയെന്ന് വിശ്വസിച്ചുകൂടെ സഖാവെ. പെട്ടന്നുള്ള പ്രതികരണത്തിൽ ചില സഖാക്കളുടെ പ്രതികരണം പാർട്ടി ചട്ടക്കൂടിനു വിരുദ്ധം തന്നെയാണ്. പക്ഷെ അരിവാൾ ചുറ്റികയിൽ വോട്ടു ചെയ്യാനുള്ള അവരുടെ സ്വാഭാവിക ആവേശത്തെ ഒരു മുതിർന്ന സഖാവ് എന്ന നിലയിൽ എടുത്തു കൂടെ'-എന്നും ഒരാൾ ചോദിച്ചു. കുറ്റ്യാടി സീറ്റ് ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ് എല്‍.ഡി.എഫില്‍ ധാരണയായത്. എന്നാൽ, പ്രതിഷേധം രൂക്ഷമായതോടെ ഇക്കാര്യത്തിൽ പുനരാലോചനയ്ക്ക് ഒരുങ്ങുകയാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.