ലീഗിന്റെ മൂന്നാംസീറ്റിൽ വിട്ടുവീഴ്ചയുണ്ടാവും -കെ. മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ മൂന്നാംസീറ്റ് എന്ന ആവശ്യം 14ന് ഉഭയകക്ഷി ചര്‍ച്ച വഴി പരിഹരിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ ശക്തി അറിയാം. ആലോചിച്ച് പരസ്പര വിട്ടുവീഴ്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഞങ്ങൾ വിട്ടുവീഴ്ച ചെയ്യണമെങ്കിൽ, അതുണ്ടാവുമെന്നതിൽ സംശയം വേണ്ട -അദ്ദേഹം പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയതിൽ തെറ്റില്ലെന്ന് മുരളീധരൻ പറഞ്ഞു. അദ്ദേഹത്തെ ഒറ്റപ്പെടുത്തി സംഘിയാക്കാന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടുന്ന ആളാണ് പ്രേമചന്ദ്രന്‍. മോദിയുടെ ഒരു നയത്തിനോടും യോജിപ്പില്ല. വ്യക്തിപരമായി ആര് ക്ഷണിച്ചാലും പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം.

എളമരം കരീം രാജ്യസഭയില്‍ ബി.ജെ.പിക്കെതിരെ പ്രസംഗിച്ചതിനേക്കാള്‍ ശക്തമായി പ്രേമചന്ദ്രന്‍ സംസാരിച്ചിട്ടുണ്ട്. ഒരു അന്തര്‍ധാരക്കും പ്രേമചന്ദ്രൻ കൂട്ടുനില്‍ക്കില്ല. രാഷ്ട്രീയം വേറെയും വ്യക്തിബന്ധം വേറെയുമാണ്. നാളെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാല്‍ ഞാന്‍ പോകും. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാർക്സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്വത്തിന്റെ ഉദാഹരണമാണ്. കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമാണ് സി.പി.എം. കേരളത്തില്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മിനോടും പോരാട്ടം നടത്തുമെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K Muraleedharan about Muslim League 3rd seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.