കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങൾ ഏറ്റെടുത്തെന്ന് കെ. മുരളീധരൻ എം.പി. സാധാരണക്കാരായ ജനങ്ങളാണ് രാഹുലിനെ കാണാനായി എത്തുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ നടക്കുമ്പോൾ കേരളത്തിലെങ്കിലും അദ്ദേഹത്തോടൊപ്പം നടക്കേണ്ടത് കോൺഗ്രസ് പ്രവർത്തകന്‍റെ കടമയാണെന്നും മുരളീധരൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. കേരളത്തിലെ സി.പി.എം പോലയല്ല സംസ്ഥാനത്തിന് പുറത്തുള്ള സി.പി.എം. കേരളത്തിന് പുറത്ത് കോൺഗ്രസുമായി അവർ സഖ്യത്തിലാണ്. മൂന്ന് സി.പി.എം എം.പിമാരിൽ രണ്ട് പേർ കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് ജയിച്ചത്. അതു കൊണ്ടാണ് വിമർശനത്തിൽ പോസിറ്റീവ് നിലപാട് രാഹുൽ സ്വീകരിക്കുന്നത്.
രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരായ മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. എന്നാൽ, കേരളത്തിലെ സി.പി.എം ബി.ജെ.പിയുടെ ബി പതിപ്പാണെന്ന് കോൺഗ്രസിന് അറിയാമെന്നും അക്കാര്യം പരസ്യമായി പറയുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
സ്റ്റേജിൽ ഇരുന്നാലേ നേതാവാകൂവെന്ന മിഥ്യ ധാരണ മാറ്റാനാണ് കരുനാഗപ്പള്ളിയിലെ സമാപന യോഗത്തിൽ നിലത്തിരുന്ന് പ്രസംഗം കേട്ടത്. യാത്ര കേരള പര്യടനം കഴിയുന്നത് വരെ സ്റ്റേജിൽ കയറാതെ മാതൃക കാണിക്കാനാണ് തീരുമാനം. ചെറിയ സ്റ്റേജ് ആയതിനാൽ രാഹുലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന്‍റെ സുരക്ഷയാണ് പ്രധാനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.