പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായി ഡി.സി.സി തന്‍റെ പേര് നിർദേശിച്ച കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്ന് കെ. മുരളീധരൻ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പലരും നിർദേശിക്കും. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എ.ഐ.സി.സിക്ക് കത്തയച്ചിരുന്ന കാര്യം അറിഞ്ഞിരുന്നു. കത്ത് താൻ പുറത്തുവിട്ടില്ല. ഇപ്പോൾ എങ്ങനെയാണ് പുറത്തുവന്നതെന്ന് അറിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
'പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവൃത്തിയും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കൂടുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറും. ബാക്കി പറയാനുള്ളത് 13ന് ശേഷം പറയും. കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇനി നിയമസഭയിലേക്ക് ഇല്ല. പുതിയ ആള്‍ക്കാര്‍ നിയമസഭയില്‍ നില്‍ക്കട്ടെ. നാലര വര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് വരട്ടെ. അപ്പോള്‍ നോക്കാം. ഡി.സി.സി നേതൃത്വം എന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ട്. എം.എല്‍.എയും മന്ത്രിയുമാക്കുന്നതിനേക്കാള്‍ സന്തോഷമുണ്ട്. കേരളത്തില്‍ എല്ലായിടത്തും തന്നെ സ്വീകരിക്കുന്നുണ്ടെന്നതില്‍ സന്തോഷം' -മുരളീധരൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും കൊടുത്ത കത്താണ് ഇന്നലെ പുറത്തുവന്നത്. മുരളീധരനെ മത്സരിപ്പിക്കാൻ ഡി.സി.സി ഭാരവാഹികൾ ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും കത്തിൽ പറയുന്നുണ്ട്. ബി.ജെ.പിയെ തോൽപിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നും കത്തിൽ പറയുന്നുണ്ട്.
അതേസമയം, കത്തിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. പലരും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കും. അതില്‍ നിന്നെല്ലാം കൂടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പല പേരുകളും ചർച്ചക്ക് വരുമെന്ന് പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അത്തരത്തിൽ കെ. മുരളീധരന്റെ പേര് ചർച്ചയ്ക്ക് വന്നിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്. കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർഥിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.