കെ ഫോണ്‍ ഗുണഭോക്താക്കളെ ഉടൻ തെരഞ്ഞെടുക്കും, മാര്‍ഗനിര്‍ദേശമായി

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷനായി 14,000 ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയാറായതായി മന്ത്രി എം ബി രാജേഷ്. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷൻ നല്‍കുക. സ്ഥലം എം.എൽ.എ നിര്‍ദേശിക്കുന്ന ഒരു തദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്.

കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-വര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

വിജ്ഞാന സമൂഹ നിര്‍മ്മിതി എന്ന നവകേരള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിത്. ഇന്‍റര്‍നെറ്റ് കുത്തകകള്‍ക്കെതിരെയുള്ള കേരളത്തിന്‍റെ ജനകീയ ബദലാണ് കെ ഫോൺ. എത്രയും വേഗം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായി ഇടപെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ആദ്യം പരിഗണന നല്‍കുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, സ്കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, കോളജ് വിദ്യാര്‍ഥികളുള്ള പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട, സ്കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങള്‍ക്കും ശേഷം പരിഗണന നല്‍കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.

മുൻഗണനാക്രമത്തില്‍ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വെച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കണം. ഒരു വാര്‍ഡിലെ ഗുണഭോക്തൃ പട്ടികയില്‍ ഇങ്ങനെ നൂറിലധികം പേര്‍ ആകാമെന്നും മന്ത്രി വ്യക്തമാക്കി. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

Tags:    
News Summary - K phone beneficiaries will be selected shortly, as a guideline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.