തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലെന്ന് ഉറപ്പാക്കാനാണ് കേരള ഫൈബർ ഒാപ്ടിക് നെറ്റ്വർക്ക് പദ്ധതിയിലൂടെ (കെ-ഫോൺ) സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ വീടുകളെയും ഒാഫിസുകളെയും ഒാപ്ടിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ജനതക്കാകെ ഇൻറർനെറ്റ് അധിഷ്ഠിത സേവനം വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. 20 ലക്ഷത്തോളം ആളുകൾക്ക് അതിവേഗ ഇൻറർനെറ്റ് സൗജന്യമായി ലഭിക്കുന്ന സാഹചര്യവും ഉണ്ടാവുന്നു. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമമാക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കെ-ഫോൺ.
സുശക്തമായ ഒാപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് ഒട്ടാകെ വ്യാപിപ്പിക്കുന്നു. ഇതുവഴി അതിവേഗ ഇൻറർനെറ്റ് കണക്ഷൻ 30,000 ത്തോളം ഒാഫിസുകളിലും ഇൗ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഹൈ സ്പീഡ് ഇൻറർനെറ്റ് കണക്ടിവിറ്റി സർവിസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും എത്തിക്കും. 14 ജില്ലകളെയും കോർ റിങ് വഴി ബന്ധിപ്പിക്കുന്നു.
ഒാരോ ജില്ലയിലെയും സർക്കാർ ഒാഫിസുകളെയും മറ്റു ഗുണഭോക്താക്കളെയും ആക്സസ് നെറ്റ്വർക്ക് വഴി ബന്ധിപ്പിക്കും. 35,000 കിലോമീറ്റർ ഒാപ്ടിക് ഫൈബർ നെറ്റ്വർക്കാണ് സ്ഥാപിക്കുക. കേരളത്തിലെ ഏറ്റവും വലിയ ശൃംഖലയായി ഇതുമാറും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ആയിരത്തോളം ഒാഫിസുകളുടെ കണക്ടിവിറ്റിയാണ് ആദ്യ ഘട്ടം പൂർത്തീകരിക്കുക. 5700 ഒാളം സർക്കാർ ഒാഫിസുകളിൽ കണക്ടിവിറ്റി ഉടൻ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.