കെ. പ്രകാശൻ, ജിപ്‌സണ്‍ വി. പോൾ

കെ. പ്രകാശനും ജിപ്‌സണ്‍ വി. പോളും പുതിയ പി.എസ്.സി അംഗങ്ങള്‍

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമീഷനിലെ പുതി‍യ അംഗങ്ങളായി കെ. പ്രകാശനെയും ജിപ്‌സണ്‍ വി. പോളിനെയും നിയമിക്കാനായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗ തീരുമാനം. കണ്ണൂര്‍ ചാലോട് സ്വദേശിയായ കെ. പ്രകാശന്‍ കണ്ണൂര്‍ ജില്ലാ പ്ലാനിങ് ഓഫീസറാണ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ജിപ്‌സണ്‍ വി പോള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനാണ്.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ:

പെൻ‍ഷന്‍ പരിഷ്‌ക്കരണം

01.01.1996 മുതല്‍ 31.12.2005 വരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി.

സാധൂകരിച്ചു

കോവിഡ് ബാധിതരായ 2,461 കയര്‍ തൊഴിലാളികള്‍ക്ക് 4,000 രൂപാ വീതം പ്രത്യേക ധനസഹായം അനുവദിച്ച കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നടപടി സാധൂകരിച്ചു.

തസ്തികകള്‍

  • സംസ്ഥാന ആരോഗ്യ ഏജന്‍സിയില്‍ 23 തസ്തികകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കി.
  • ഹൈകോടതിയിലും ജില്ലാ കോടതികളിലും ഐ.ടി തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • കേരള ഹൈക്കോടതിയില്‍ സേവക്മാരുടെ 9 തസ്തികകള്‍ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
  • പട്ടികജാതി - പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് തിരുവനന്തപുരത്തും തൃശ്ശൂരിലുമായി അനുവദിച്ച രണ്ട് പ്രത്യേക കോടതികളില്‍ ഓരോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്‍കി.

ശമ്പളപരിഷ്‌ക്കരണം

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി (ഹോംകൊ) ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം 01.07.2019 പ്രാബല്യത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.

നിഷിന് ഭൂമി കൈമാറും

ടെക്‌നോപാര്‍ക്കിനു വേണ്ടി ഏറ്റെടുത്തതും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (നിഷ്) പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ടെക്‌നോപാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള 9.75 ഏക്കര്‍ ഭൂമി നിഷിന് കൈമാറുവാന്‍ തീരുമാനിച്ചു. നിഷ് നല്‍കേണ്ട കുടിശ്ശിക തുകയായ 1,86,82,700 രൂപ എഴുതിത്തള്ളി പ്രസ്തുത ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനായി റവന്യൂ വകുപ്പിന് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഭൂമി നിഷിന് കൈമാറുവാന്‍ റവന്യൂ / സാമൂഹ്യനീതി വകുപ്പുകളെ ചുമതലപ്പെടുത്തും.

Tags:    
News Summary - K. Prakashan and Gipson V. Paul and new kerala PSC members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.